വെറുതെ ക്ലബില്‍ ഇരുന്ന് കളിക്കുന്ന പയ്യനാണെങ്കില്‍ പോലും വന്ന് അഭിനയിക്കാമെന്ന് ദുല്‍ഖര്‍ പറഞ്ഞു, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു: സൗബിന്‍ ഷാഹിര്‍
Entertainment news
വെറുതെ ക്ലബില്‍ ഇരുന്ന് കളിക്കുന്ന പയ്യനാണെങ്കില്‍ പോലും വന്ന് അഭിനയിക്കാമെന്ന് ദുല്‍ഖര്‍ പറഞ്ഞു, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു: സൗബിന്‍ ഷാഹിര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th January 2023, 2:02 pm

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പറവ. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ദുല്‍ഖര്‍ സല്‍മാനായിരുന്നു അവതരിപ്പിച്ചത്. സിനിമയുടെ കാര്യം ദുല്‍ഖറിനോട് പറഞ്ഞിരുന്നുവെന്നും അഞ്ച് മിറ്റിട്ട് ആണെങ്കിലും ചിത്രത്തില്‍ താന്‍ അഭിനയിക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞതിനെക്കുറിച്ച് പറയുകയാണ് സൗബിന്‍.

ദുല്‍ഖര്‍ ചെയ്യേണ്ട കഥാപാത്രത്തെക്കുറിച്ച് സിനിമ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം അറിഞ്ഞിട്ടില്ലായിരുന്നുവെന്നും വെറും അഞ്ച് മിനിറ്റിലേക്ക് ഏത് ചെറിയ റോള്‍ ആയാലും താന്‍ വന്ന് അഭിനയിക്കുമെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞതെന്നും സൗബിന്‍ പറഞ്ഞു.

സിനിമയില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തെക്കുറിച്ച് ഒരു ഡീറ്റെയിലിങ്ങും ഇല്ലെന്നും സൗബിന്‍ പറഞ്ഞു. ദുല്‍ഖറിനെക്കുറിച്ച് സൗബിന്‍ സംസാരിക്കുന്ന പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

”അഞ്ച് മിനിട്ട് ആണെങ്കില്‍ പോലും ഈ പടത്തില്‍ വന്ന് അഭിനയിക്കുമെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ചെയ്യേണ്ട കഥാപാത്രത്തെക്കുറിച്ച് ഈ സിനിമയില്‍ അദ്ദേഹം ഒന്നും കേട്ടിട്ടില്ല. അഭിനയിക്കേണ്ട അന്ന് വന്നിട്ടാണ് എന്നോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചത്.

വെറുതെ ക്ലബില്‍ ഇരുന്ന് കളിക്കുന്ന പയ്യനാണെങ്കില്‍ പോലും ഞാന്‍ ചെയ്യുമെന്ന് പറഞ്ഞാണ് അന്ന് സെറ്റില്‍ ഇരുന്നത്. സംസാരിച്ച് വന്നപ്പോഴാണ് ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാമെന്ന് തീരുമാനിച്ചത്. അത് ഞാന്‍ ചെയ്യാമെടാ, എനിക്ക് കുഴപ്പമില്ലെന്ന് എന്നോട് പറഞ്ഞു.

ഈ സിനിമയില്‍ ദുല്‍ഖറിന്റെ വീടോ, ഫാമിലിയോ ഒന്നും കാണിക്കുന്നില്ല. അദ്ദേഹം എല്ലാ വീട്ടിലും ഉണ്ട്. എല്ലാവരെയും ഹെല്‍പ്പ് ചെയ്യുന്നുണ്ട്. ദുല്‍ഖറിനെക്കുറിച്ച് ഈ സിനിമയില്‍ ഒന്നും പറയുന്നില്ല,” സൗബിന്‍ പറഞ്ഞു.

ജിന്നാണ് സൗബിന്റെ ഏറ്റവും പുതിയ ചിത്രം. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. ജനുവരി ആറിനാണ് ജിന്ന് തിയേറ്ററില്‍ റിലീസ് ചെയ്തത്. ഷൈന്‍ ടോം ചാക്കോ, ശാന്തി ബാലകൃഷ്ണന്‍. ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍

content highlight: actor soubin shahir about dulquer salmaan