മുംബൈ: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും നാഗ്പൂര്‍ സിറ്റി പോലീസ് കമ്മീഷണറുമായ വിശ്വാസ് നാന്‍ഗ്രെ പാട്ടീലിനെതിരെ കടുത്ത വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറേ.
ആര്‍.എസ്.എസിനെ പരസ്യമായി പ്രകീര്‍ത്തിച്ച ഉദ്യോഗസ്ഥന്റെ നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും, സംഘടനയോട് അത്രയധികം ആരാധനയുണ്ടെങ്കില്‍ ജോലി രാജിവെച്ച് ആര്‍.എസ്.എസിലോ ബി.ജെ.പിയിലോ ചേരണമെന്നും താക്കറെ ആവശ്യപ്പെട്ടു.
സകാല്‍ ഹിന്ദു സമാജ് സംഘടിപ്പിച്ച ഒരു ഹിന്ദു സമ്മേളനത്തില്‍ വിശ്വാസ് നാന്‍ഗ്രെ പാട്ടീല്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
പ്രസംഗത്തില്‍ അദ്ദേഹം ആര്‍.എസ്.എസിനെയും അതിന്റെ സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിനെയും പ്രശംസിക്കുകയും ഹെഡ്‌ഗേവാറിനെ ‘ദീര്‍ഘദര്‍ശിയായ ദേശീയവാദി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.
ഈ നടപടി പൊലീസ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തേണ്ട നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന് താക്കറേ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാജ് താക്കറേ ഐ.പി.എസ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചത്.
‘ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൂറ് പൂര്‍ണമായും പൊലീസിനോടും ആ സേനയുടെ ചുമതലകളോടും മാത്രമായിരിക്കണം. എന്നാല്‍ നാന്‍ഗ്രെ പാട്ടീല്‍ ആര്‍.എസ്.എസിനോടുള്ള തന്റെ കൂറ് പരസ്യമായി പ്രകടിപ്പിക്കാന്‍ തിടുക്കം കാണിക്കുകയാണ്. പെട്ടെന്നുണ്ടായ ഈ ‘ഇരട്ട കൂറ്’ വിചിത്രമാണ്.’
നാന്‍ഗ്രെ പാട്ടീലിന്റെ യൂണിഫോമിന്റെ കാക്കി നിറം പൊലീസ് വകുപ്പിനെ പ്രതിനിധീകരിക്കുന്നു എന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ആ കാക്കി സംഘത്തിന്റെ പഴയ യൂണിഫോമിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഇപ്പോഴാണ് മനസിലാകുന്നത്.
നിങ്ങള്‍ക്ക് സംഘത്തിനോട് സ്‌നേഹമോ ആരാധനയോ ഉണ്ടെങ്കില്‍ അത് ഉള്ളില്‍ സൂക്ഷിക്കുക. അത് പരസ്യമായി പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് ആര്‍.എസ്.എസിലോ ബി.ജെ.പിയിലോ ചേരുക. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ക്കായി ഒരു ഗ്യാരണ്ടിയുള്ള പുനരധിവാസ പദ്ധതി നിലവിലുണ്ട്. നിങ്ങളെയും അവര്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കും.
ഈ സമ്മേളനങ്ങള്‍ ആരാണ് സംഘടിപ്പിക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്താണെന്നും ഒന്ന് പരിശോധിച്ചാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് ആര്‍ക്കും മനസിലാകും,’ രാജ് താക്കറേ പറഞ്ഞു.
2012ല്‍ റാസ അക്കാദമിക്കെതിരെ എം.എന്‍.എസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ, പൊലീസിനൊപ്പം നിലകൊണ്ടതിന് രാജ് താക്കറേയെ അഭിനന്ദിച്ച ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ അന്നത്തെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
നിഷ്പക്ഷത ലംഘിച്ചു എന്നാരോപിച്ചായിരുന്നു അന്ന് നടപടിയെടുത്തത്. ആ മാനദണ്ഡം ഇപ്പോള്‍ നാന്‍ഗ്രെ പാട്ടീലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുമോ എന്നും താക്കറെ ചോദിച്ചു.
ഉദ്യോഗസ്ഥരുടെ ഇത്തരം പരസ്യമായ രാഷ്ട്രീയ ചായ്‌വുകള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിക്കുന്നുണ്ടോ എന്ന് താക്കറേ ചോദിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പോലും നിഷ്പക്ഷത പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നാന്‍ഗ്രെ പാട്ടീല്‍ ഒരു മികച്ച ഉദ്യോഗസ്ഥനാണെന്ന് അംഗീകരിക്കുമ്പോഴും, രാഷ്ട്രീയ സംഘടനകള്‍ക്ക് മുന്നില്‍ തന്റെ ഔദ്യോഗിക പദവിയുടെ അന്തസ് പണയം വെക്കരുതെന്ന് അദ്ദേഹം ഉപദേശിച്ചു.
മഹാരാഷ്ട്ര കോണ്‍ഗ്രസും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്‌വ് അഡ്മിനിസ്‌ട്രേറ്റീവ് ഗവേണന്‍സിന് വലിയ ഭീഷണിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Content highlight: If your loyalty is there, resign and join RSS; Raj Thackeray lashes out at IPS officer