കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോണം; കമല്‍ഹാസന്‍
Kerala News
കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോണം; കമല്‍ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th May 2025, 3:19 pm

ചെന്നൈ: കമ്മ്യൂണിസവും കരിമീനും വേണമെങ്കില്‍ കേരളത്തിലേക്ക് പോകണമെന്ന് കമല്‍ഹാസന്‍. കരിമീന്‍ വേണമെങ്കിലും കമ്മ്യൂണിസം വേണമെങ്കിലും കേരളത്തിലേക്ക് പോകണമെന്നും അല്ലെങ്കില്‍ റഷ്യയിലേക്ക് പോവണമെന്നുമാണ് കമലഹാസന്റെ പരാമര്‍ശം.

രണ്ടിടങ്ങിടങ്ങളിലും കരിമീന്‍ കിട്ടുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. കേരളത്തില്‍ വന്നാല്‍ രാവിലെയും രാത്രിയും ഉച്ചയ്ക്കുമെല്ലാം കരിമീനാണ് കഴിക്കുന്നതെന്നും താനൊരു കരീമീന്‍ ഫാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരിമീനും കമ്മ്യൂണിസവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്ന് താന്‍ ആലോചിക്കാറുണ്ടെന്നും എന്നാല്‍ ക്യൂബയില്‍ കരിമീന്‍ കിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

‘കമ്മ്യൂണിസം വേണമെങ്കില്‍ കേരളത്തിലേക്ക് പോകണം, കരിമീന്‍ വേണമെങ്കിലും കേരളത്തിലേക്ക് പോണം. ഒന്നുകില്‍ കേരളത്തിലേക്ക് പോണം. അല്ലെങ്കില്‍ റഷ്യയിലേക്ക് പോണം. രണ്ടിടത്തും കരിമീന്‍ കിട്ടും. റഷ്യയിലും കരിമീന്‍ കിട്ടും. കരിമീനും കമ്മ്യൂണിസത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. എന്നാല്‍ ക്യൂബയില്‍ കരിമീന്‍ കിട്ടില്ല. ലോകത്തില്‍ രണ്ടിടത്തേ കരിമീന്‍ കിട്ടുകയുള്ളൂ’, കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ പ്രോമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്റെ പരാമര്‍ശം. കേരളത്തില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണത്തെ കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേമായിരുന്നു.

Content Highlight: If you want communism and carp, go to Kerala: Kamal Haasan