ഇന്ത്യക്കും ഹിന്ദുക്കള്‍ക്കുമെതിരെ സംസാരിക്കുന്നവരെ വെടിവെച്ചുകൊല്ലും; യോഗിയുടെ ഭരണം നടപ്പിലാക്കും: കര്‍ണാടക ബി.ജെ.പി എം.എല്‍.എ
national news
ഇന്ത്യക്കും ഹിന്ദുക്കള്‍ക്കുമെതിരെ സംസാരിക്കുന്നവരെ വെടിവെച്ചുകൊല്ലും; യോഗിയുടെ ഭരണം നടപ്പിലാക്കും: കര്‍ണാടക ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 10:50 am

ബെംഗളൂരു: ഇന്ത്യക്കെതിരെയോ ഹിന്ദുക്കള്‍ക്കെതിരെയോ സംസാരിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് കര്‍ണാടക ബി.ജെ.പി എം.എല്‍.എ. കര്‍ണാടകയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പെയ്‌നിടയിലാണ് ബി.ജെ.പി. എം.എല്‍.എ ബസവനഗൗഡ പട്ടീല്‍ യത്‌നാലിന്റെ വിവാദ പ്രസംഗം.

‘നിങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തിനെതിരെയോ ഇന്ത്യക്കും ഹിന്ദുക്കള്‍ക്കുമെതിരെയോ സംസാരിച്ചാല്‍ നിങ്ങളെ വെടിവെച്ച് കൊല്ലും,’ ബസവനഗൗഡ വിജയപുരയില്‍ നടന്ന ഇലക്ഷന്‍ പ്രചരണ റാലിക്കിടെ പറഞ്ഞു.

യു.പി. പൊലീസ് കസ്റ്റഡിയിലിരിക്കെ മൂന്ന് അക്രമികളാല്‍ കൊല്ലപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആതിഖ് അഹമ്മദിനെയും ഉത്തര്‍ പ്രദേശില്‍ പ്രതികള്‍ കൊല്ലപ്പെടുന്ന രീതിയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയായിരുന്നു ബസവനഗൗഡയുടെ ഭീഷണി. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ യോഗി ആദ്യത്യനാഥിന്റെ മാതൃകയിലുള്ള ഭരണം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യക്കെതിരെ സംസാരിക്കുന്നവരെ ഞങ്ങള്‍ നേരിടും. അവരെ ജയിലില്‍ അയക്കുന്നതിന് പകരം റോഡില്‍ വെച്ചുതന്നെ തീര്‍ക്കും,’ എം.എല്‍.എ പറഞ്ഞു.

ബസവനഗൗഡയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. മെയ് 10നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 13ന് വോട്ടെണ്ണലും നടക്കും.

Content Highlights: If you speak against Hindus, you will be shot on roads itself, says BJP MLA Basavanagouda Patil Yatnal