ശ്രദ്ധിച്ചുനോക്കിയാൽ വർഷങ്ങൾക്ക് ശേഷത്തിലെ അക്കാര്യം മനസിലാകും: ആസിഫ് അലി
Malayalam Cinema
ശ്രദ്ധിച്ചുനോക്കിയാൽ വർഷങ്ങൾക്ക് ശേഷത്തിലെ അക്കാര്യം മനസിലാകും: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 10:53 pm

മലയാളത്തിലെ മുന്‍നിര നടന്‍മാരിലൊരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ സജീവമാണ് ആസിഫ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു.

പിന്നീട് ആസിഫിൻ്റെ കരിയറിൽ പരാജയങ്ങൾ സംഭവിച്ചുവെങ്കിലും അതിനെ മറികടന്ന വർഷമായിരുന്നു 2024. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ കിഷ്‌കിന്ധാ കാണ്ഡം, ഈ വര്‍ഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ ഹിറ്റ് ചിത്രങ്ങളായിരുന്നു. അദ്ദേഹം അഭിനയിച്ച സർക്കീട്ട് എന്ന സിനിമ മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുവെങ്കിലും ചിത്രം വാണിജ്യവിജയമായിരുന്നില്ല.

ഇപ്പോൾ ടിക്കി ടാക്ക എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി.

‘ടിക്കി ടാക്ക എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. ഫൈറ്റ് സീനിനിടെ ചാടുമ്പോള്‍ സ്ലിപ് ആയി വീണു. ഇടത് കാല്‍ മുട്ടിലെ ലിഗമെന്റുകള്‍ പൊട്ടിപ്പോയി. സര്‍ജറിയും വിശ്രമവും ഫിസിയോ തെറാപിയുമൊക്കെയായി അഞ്ചുമാസം മാറി നിന്നപ്പോഴാണ് ആ പരിക്കിന്റെ കാഠിന്യം മനസിലാകുന്നത്,’ ആസിഫ് അലി പറഞ്ഞു.

ഫുള്‍ ടൈം വീട്ടില്‍ നില്‍ക്കാമെന്ന സന്തോഷത്തിലാണ് ആ കാലം തുടങ്ങിയതെന്നും എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ തനിക്ക് ടെന്‍ഷന്‍ ആയെന്നും ആസിഫ് അലി പറഞ്ഞു.

‘ലൊക്കേഷന്‍ വല്ലാതെ മിസ് ചെയ്തു. ആ സമയത്ത് വിനീത് ശ്രീനിവാസനും വൈശാഖും വീട്ടില്‍ വന്നു. സംസാരിക്കുന്നതിനിടെ ടെന്‍ഷന്‍ കണ്ടിട്ട് വിനീത് ലൊക്കേഷനിലേക്ക് ക്ഷണിച്ചു. ‘ലൊക്കേഷനില്‍ വന്നു കുറച്ചു നേരം ഇരിക്കൂ, കഥാപാത്രം എന്നൊന്നും കരുതേണ്ട’ എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ ചെയ്തത്,’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

സര്‍ജറി കഴിഞ്ഞ് നില്‍ക്കാന്‍ പറ്റാത്ത ആ അവസ്ഥയില്‍ ഇരിക്കുന്ന രംഗമാണ് ആ ചിത്രത്തിലേത് എന്നും വീല്‍ ചെയറിലാണ് സിനിമയുടെ ലൊക്കേഷനിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കുന്ന രംഗമാണ് താൻ ചെയ്തിരിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസിലാകുമെന്നും ആസിഫ് അലി പറയുന്നു.

‘ഒരിക്കല്‍ സിബി മലയില്‍ സാര്‍ കുറേ പഴയ കഥകള്‍ പറഞ്ഞു. കിരീടത്തില്‍ കീരിക്കാടന്‍ ജോസുമായിട്ടുള്ള ഫൈറ്റ് ഷൂട്ട് ചെയ്യുമ്പോള്‍ പുതുമുഖമായ വില്ലന്റെ ഇടി പലതും ലാലേട്ടന്‍ വാങ്ങുന്നുണ്ടായിരുന്നത്രേ. പരിചയക്കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണെങ്കിലും അത് അദ്ദേഹത്തെ അറിയിച്ച് കൂടുതല്‍ ടെന്‍ഷനുണ്ടാക്കാതെ, ഷൂട്ടിങ്ങിനെ ബാധിക്കാതെ ഡീല്‍ ചെയ്ത മോഹന്‍ലാല്‍ എന്ന നടന്റെ മുന്നില്‍ ഈ പരിക്കൊക്കെ നിസാരം,’ ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.

Content Highlight: If you pay attention, you will understand that in Varshangalkk Sesham Movie