നാണമുണ്ടെങ്കില്‍ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കണം; അമിത് ഷായുടെ താക്കീതിന് പിന്നാലെ ശിവസേനയോട് എന്‍.സി.പി
national news
നാണമുണ്ടെങ്കില്‍ ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിക്കണം; അമിത് ഷായുടെ താക്കീതിന് പിന്നാലെ ശിവസേനയോട് എന്‍.സി.പി
ന്യൂസ് ഡെസ്‌ക്
Friday, 11th January 2019, 10:14 am

 

മുംബൈ: ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പരിഹാസവും താക്കീതും കേട്ടിട്ടും പാര്‍ട്ടിയില്‍ തുടരാന്‍ ശിവസേനയ്ക്ക് നാണമില്ലേയെന്ന് ഉദ്ധവ് താക്കറെയോട് മഹാരാഷ്ട്ര നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി തലവന്‍ ജയന്ത് പാട്ടീല്‍.

ബി.ജെ.പിയുടെ പ്രസിഡന്റ് തന്നെ നിങ്ങളെ തോല്‍പ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നു. നിങ്ങളുടെ ഞരമ്പുകളില്‍ ബാലാസാഹേബ് താക്കറെ (ശിവസേന സ്ഥാപകന്‍ ) യുടെ രക്തമാണ് ഒഴുകുന്നതെങ്കില്‍ ബി.ജെ.പി മന്ത്രിസഭയില്‍ നിന്നും രാജിവെക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുകയാണ് വേണ്ടത്. – ജയന്ത് പാട്ടീല്‍ പറഞ്ഞു.

ബി.ജെ.പിയില്‍ നിന്നും ഇത്തരമൊരു താക്കീത് ലഭിച്ചതിന് പിന്നാലെ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി ഒരു ഹോട്ടലില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തുകയായിരുന്നെന്നും പാട്ടീല്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് ഇപ്പോള്‍ പ്രത്യേകിച്ച് ഒരു തരംഗവുമില്ല. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ ജനപ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യത്തിലാണെങ്കില്‍ ശിവസേനയുടെ വിജയം ഉറപ്പാക്കുമെന്നും അതല്ലെങ്കില്‍ മുന്‍ സഖ്യമായാലും ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം അമിത് ഷാ ശിവസേനയോട് പറഞ്ഞത്.


രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനാണെന്ന അഭിപ്രായമില്ല; രാഹുലിനെ പിന്തുണച്ച് പ്രകാശ് രാജ്


മഹാരാഷ്ട്രയില്‍ 48-ല്‍ 40 സീറ്റിലും ബി.ജെ.പി വിജയമുറപ്പിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. എന്നാല്‍ ആരുടെ വെല്ലുവളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്നായിരുന്നു ശിവസേന ഇതിനോട് പ്രതികരിച്ചത്.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന പാര്‍ട്ടിക്ക് ആരും അന്ത്യശാസനം നല്‍കേണ്ടയെന്നും ശിവ സേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു.

മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയും ബി.ജെ.പിയും ഘടകകക്ഷികളാണ്. എന്നാല്‍ ഏറെ നാളുകളായി ഇരു കക്ഷികളും സ്വരച്ചേര്‍ച്ചയിലല്ല. ഇരു പാര്‍ട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിനെ കുറിച്ച് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.