ഇറാനുമായുള്ള കരാറില്ലെങ്കില്‍ ലോകത്ത് നാലാഴ്ചത്തെ എണ്ണ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ; വന്‍ ദുരന്തം ഒഴിവായെന്ന് ട്രംപ്
World News
ഇറാനുമായുള്ള കരാറില്ലെങ്കില്‍ ലോകത്ത് നാലാഴ്ചത്തെ എണ്ണ മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ; വന്‍ ദുരന്തം ഒഴിവായെന്ന് ട്രംപ്
ആദര്‍ശ് എം.കെ.
Thursday, 18th June 2026, 8:46 am

ഫ്രാന്‍സ്: ഇറാനുമായി ഒപ്പുവെച്ച പുതിയ ധാരണാപത്രം (എം.ഒ.യു) യാഥാര്‍ത്ഥ്യമായില്ലായിരുന്നെങ്കില്‍ ലോകം കടുത്ത എണ്ണപ്രതിസന്ധി നേരിടുമായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ്, ലോകമെമ്പാടുമുള്ള എണ്ണശേഖരം ഏകദേശം നാലാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നുപോകുമായിരുന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. കരാര്‍ ഒപ്പിട്ടതിലൂടെ വലിയ തോതിലുള്ള അരാജകത്വമാണ് ഒഴിവായതെന്നും ട്രംപ് സമ്മതിച്ചു.

‘ഏകദേശം നാലാഴ്ചയ്ക്കുള്ളില്‍ നമ്മുടെ എണ്ണശേഖരം തീരും. നിങ്ങള്‍ക്കറിയാവുന്നത് പോലെ ലോകമെമ്പാടും എണ്ണശേഖരമുണ്ട്, എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ തീര്‍ന്നുപോകുമായിരുന്നു. എണ്ണ ഒട്ടും ലഭിക്കാത്ത ഒരു സമയം വരുമായിരുന്നു,’ ട്രംപ് വ്യക്തമാക്കി.

എണ്ണ തീര്‍ന്നുപോകുന്ന സാഹചര്യം വലിയ അരാജകത്വത്തിന് വഴിതെളിക്കുമെന്ന് യു.എസ്. പ്രസിഡന്റ് പറഞ്ഞു. ഈ കരാര്‍ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുവാദം നല്‍കുന്നു, നമ്മള്‍ ബോംബാക്രമണം തുടരുകയാണെങ്കില്‍ ആ കപ്പലുകള്‍ക്ക് പോകാന്‍ കഴിയില്ലെന്ന് ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ച് ട്രംപ് പറഞ്ഞു.

ലോകത്തിലെ എണ്ണ ഉപയോഗത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. യുദ്ധം കാരണം ഈ പാത അടഞ്ഞത് ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിരുന്നു.

അമേരിക്കയുടെ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരം (Strategic Petroleum Reserve) 1983ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് (ഏകദേശം 340 ദശലക്ഷം ബാരല്‍) റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധം തുടങ്ങിയ സമയത്ത് ഇത് 415 ദശലക്ഷം ബാരലായിരുന്നു.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐ.ഇ.എ) കഴിഞ്ഞ മാസങ്ങളില്‍ എണ്ണശേഖരം കുറയുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. വാണിജ്യപരമായ എണ്ണശേഖരം ഏതാനും ആഴ്ചകള്‍ കൂടി മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന് ഐ.ഇ.എ മേധാവി ഫാത്തി ബിറോള്‍ വ്യക്തമാക്കിയിരുന്നു.

ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കും, ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളും നാവിക ഉപരോധവും അമേരിക്ക പിന്‍വലിക്കും, ഇറാന്റെ സാമ്പത്തിക വികസനത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി 300 ബില്യണ്‍ ഡോളറിന്റെ പദ്ധതി തയ്യാറാക്കും. എന്നാല്‍ ഇതിലേക്ക് അമേരിക്ക പണം നല്‍കേണ്ടതില്ല, ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് സമ്മതിച്ചു. നിലവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ലഘൂകരിക്കും, വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഇറാന്‍ നടപടിയെടുക്കും. ഈ കപ്പലുകളില്‍ നിന്ന് പ്രത്യേക ചാര്‍ജ് ഒന്നും തന്നെ ഈടാക്കില്ല തുടങ്ങിയവയാണ് അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിലെ പ്രധാന കാര്യങ്ങള്‍.

ഈ കരാര്‍ ഇറാനെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാനും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

Content Highlight: If there was no deal with Iran, the world would have only had four weeks of oil left; Trump says major disaster averted

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.