'ഗസയിൽ ആഭ്യന്തര സംഘർഷം തുടർന്നാൽ ഹമാസിനെ പൂർണമായും നശിപ്പിക്കും': ട്രംപ്
Trending
'ഗസയിൽ ആഭ്യന്തര സംഘർഷം തുടർന്നാൽ ഹമാസിനെ പൂർണമായും നശിപ്പിക്കും': ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th October 2025, 8:22 am

ന്യൂയോർക്ക്: സമാധാന പദ്ധതിക്ക് ശേഷവും ഗസയിൽ ആഭ്യന്തര സംഘർഷം തുടരുന്നതിനാൽ ഗസയിലേക്ക് പോയി ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

രണ്ടു വർഷത്തെ യുദ്ധത്തിൽ കഴിഞ്ഞയാഴ്ച ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനായി സമാധാന പദ്ധതി നിലവിൽ വന്നതിന് ശേഷം ട്രംപ് യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചിരുന്നു.

ഗസയിലെ യുദ്ധം അവസാനിച്ചുവെന്നും വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ ഇസ്രഈൽ ഗസയിൽ ആക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഹമാസിനെതിരെ ഭീഷണി മുഴക്കിയതിന് ശേഷം ഗസയിലേക്ക് യു.എസ് സൈന്യത്തെ അയക്കില്ലെന്നും ട്രംപ് ആവർത്തിച്ചു.

ഇസ്രഈലിന്റെ പേര് പരാമർശിക്കാതെ ഗസയിലേക്ക് കടക്കുന്നത് തങ്ങളായിരിക്കില്ലെന്നും യു.എസിന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ തങ്ങളുടെ മേൽനോട്ടത്തിലായിരിക്കും അവർ അകത്തുകടക്കുകയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

‘അത് ഞങ്ങളായിരിക്കില്ല. ഞങ്ങൾക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. അവർ അകത്ത് കടക്കും ഞങ്ങളുടെ മേൽനോട്ടത്തിൽ വളരെ എളുപ്പത്തിൽ അവർ ആ തന്ത്രം നടപ്പിലാക്കും,’ ട്രംപ് പറഞ്ഞു.

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. ഹമാസ് നിരായുധരാകണമെന്നും അല്ലെങ്കിൽ തങ്ങൾ അവരെ അക്രമാസക്തമായി നിരായുധരാക്കുമെന്നും ട്രംപ് പറഞ്ഞു.

കഴിഞ്ഞയാഴ്ച ഈജിപ്തിലെ ഷാം എൽ ഷെയ്‌ഖിൽ നടന്ന ഗസ വെടിനിർത്തൽ കരാറിൽ ലോക രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. ട്രംപ് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം വാഗ്ദാനം ചെയ്തിരുന്നു. ജൂതനോ മുസ്‌ലീമോ അറബ് രാജ്യങ്ങളോ ആകട്ടെ എല്ലാവരും സന്തുഷ്ടരായിരിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഗസയിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഗസയിലെ വെടിനിർത്തൽ കരാറിനെ നിരീക്ഷിക്കാനായി യു.എസിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള 200ഓളം സൈനികരെ ഇസ്രഈലിലേക്ക് അയക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഗസയിലേക്ക് യു.എസ് സൈനികരെ അയക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.

Content Highlight: ‘If the war continues, we have no choice but to completely destroy Hamas’: Trump