ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്ക കരയുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണെങ്കില്‍ ആ നീക്കത്തില്‍ ഇസ്രഈല്‍ സൈന്യം ഭാഗമാകില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രഈലി മാധ്യമമായ ചാനല്‍ 12 ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറാന്റെ മണ്ണില്‍ നേരിട്ടുള്ള സൈനിക നീക്കം നടത്തുന്നതിന് പകരം വ്യോമാക്രമണങ്ങള്‍ക്കും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും മാത്രമായിരിക്കും ഇസ്രഈല്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനില്‍ നേരിട്ടുള്ള സൈനിക നീക്കം നടത്തുന്നത് വലിയ അപകടസാധ്യതയുള്ളതാണെന്ന് ഇസ്രഈല്‍ വിലയിരുത്തുന്നു.
യുദ്ധത്തില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെടാനുള്ള സാധ്യതയും ശത്രുരാജ്യത്ത് കുടുങ്ങിപ്പോകാനുള്ള സാഹചര്യവും മുന്നില്‍ കണ്ട് ഇത് ഒഴിവാക്കാനായാണ് ഇസ്രഈല്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തുന്നത്.
ഈ തീരുമാനം വഴി ഇസ്രഈലിന് നേരിട്ടുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ഇതിനൊപ്പം യുദ്ധത്തിന്റെ പഴിയും സമ്മര്‍ദവും അമേരിക്കയ്ക്ക് മാത്രമായി മാറുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇസ്രഈലിന്റെ ഈ നീക്കം വഴി സൈനികരുടെ വിന്യാസം, ചരക്ക് നീക്കം തുടങ്ങിയ പ്രധാന ഉത്തരവാദിത്തങ്ങളെല്ലാം അമേരിക്കയുടെ ചുമലിലാകും. ഇസ്രഈലിന്റെ ഈ സമീപനം സഖ്യകക്ഷികള്‍ക്കിടയില്‍ സമത്വമില്ലാത്ത ഉത്തരവാദിത്ത വിഭജന (unequal burden-sharing) ത്തിന് കാരണമാകുന്നുവെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
വ്യക്തമായ പിന്മാറ്റ പദ്ധതിയൊന്നുമില്ലാതെ അമേരിക്ക ഇത്തരം സങ്കീര്‍ണമായ യുദ്ധങ്ങളിലേക്ക് എടുത്തുചാടുന്നത് മേഖലയില്‍ ദീര്‍ഘകാല അസ്ഥിരതയ്ക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇസ്രഈല്‍ സ്വന്തം സുരക്ഷ മുന്‍നിര്‍ത്തി അപകടം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് അമേരിക്കയ്ക്ക് നേരിടേണ്ടി വരികയെന്നാണ് വിലയിരുത്തപ്പെടുന്നത്.
നേരത്തെ, ട്രംപിന് കൂടുതല്‍ സൈനിക ഓപ്ഷനുകള്‍ നല്‍കുന്നതിനായി മിഡില്‍ ഈസ്റ്റിലേക്ക് പതിനായിരത്തിലധികം വരുന്ന കരസേനയെ അയക്കാന്‍ യു.എസ് ആലോചിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കവചിത വാഹനങ്ങള്‍ അടക്കമുള്ളതായിരിക്കും ഈ കരസേനയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രത്യേക പരിശീലനം നേടിയ കരസേനയെ ഇറാനിലേക്ക് അയച്ച് ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ഉയര്‍ന്ന സമ്പുഷ്ടിയുള്ള യുറേനിയം കണ്ടെത്തി സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള സാധ്യതകള്‍ അമേരിക്ക പരിശോധിക്കുന്നുവെന്നാണ് സൂചന.
നഥാന്‍സ്, ഇസ്ഫഹാന്‍ പോലുള്ള കേന്ദ്രങ്ങളില്‍ ഇത്തരം വസ്തുക്കള്‍ പര്‍വതങ്ങളുടെ അടിയില്‍, കരുത്തുറ്റ തുരങ്കങ്ങളിലായാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ കേവലം വ്യോമാക്രമണങ്ങള്‍ മാത്രം കൊണ്ട് അവയെ പൂര്‍ണമായി നശിപ്പിക്കുകയോ നിയന്ത്രണത്തിലാക്കുകയോ ചെയ്യാന്‍ കഴിയില്ലെന്ന ആശങ്കയിലാണ് ഈ ആശയം ഉദിച്ചതെന്ന് കരുതപ്പെടുന്നു.
Content Highlight: If the United States initiates a ground war in Iran, the Israeli military will not be part of that move, according to a report.