തിരുവനന്തപുരം: ലൈംഗികാരോപണ പരാതിക്ക് പിന്നാലെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് എം.എല്‍.എയുമായ എം.വി ഗോവിന്ദന്‍.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയാല്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധമുണ്ടാകുമെന്നും കോണ്‍ഗ്രസ് പ്രതിരോധിക്കുകയാണെങ്കില്‍ പ്രതിരോധിക്കട്ടെയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും അത്തരത്തിലൊരു കീഴ്‌വഴക്കമില്ലെന്നുമുള്ള കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് നിര്‍ത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദന്‍.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിലുള്ള വിവാദം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞിരുന്നത്. എന്നാല്‍ അത് പറയാന്‍ തങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും നിയമപരമായ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം പല കേസുകളിലും അകപ്പെട്ട എം.എല്‍.എമാര്‍ നിലവില്‍ നിയമസഭയിലുണ്ട്. ഇതിനേക്കാള്‍ ഗുരുതരമായ ബലാത്സംഗക്കേസുകളില്‍ പ്രതികളായവരും നിയമസഭയിലുണ്ട്. അവരാരും രാജിവെച്ചിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞിരുന്നു.
പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് വന്ന ശബ്ദസന്ദേശത്തില്‍ രാഹുലിന്റെ പേര് വന്നതോടെയാണ് അന്വേഷണം വീണ്ടും അദ്ദേഹത്തിലേക്കെത്തിയത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് രാഹുല്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ നൂബിന്‍ ബിനുവിന്റെ ഫോണും സംഘടനയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില രേഖകളും ഇന്നലത്തെ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ വിജയം ഉറപ്പാക്കാന്‍ വേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയെന്നായിരുന്നു കേസ്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു.
കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ അഭിനന്ദ് വിക്രമിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദരേഖയിലാണ് രാഹുലിന്റെ പേരും പരാമര്‍ശിക്കുന്നത്.
അന്വേഷണത്തിനായി രാഹുലിന്റെ ഐ ഫോണ്‍ പരിശോധിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പാസ്‌വേര്‍ഡ് നല്‍കാന്‍ രാഹുല്‍ വിസമ്മതിച്ചതാണ് കാരണം.
Content highlight: If Rahul Mamkoottathil enters the assembly, there will be protests inside and outside: M.V. Govindan