പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ: രാഹുല്‍ ഗാന്ധി
national news
പ്രിയങ്ക വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മോദി മൂന്ന് ലക്ഷം വോട്ടിന് തോറ്റേനെ: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 8:14 pm

ലഖ്നൗ: പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിച്ചിരുന്നെങ്കില്‍ മോദി തോറ്റേനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ മൂന്ന് ലക്ഷം വോട്ടിന് മോദി തോല്‍ക്കുമായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിടുകയും മോദിയുടെ ഭൂരിപക്ഷം ഇടിയുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും രാഹുല്‍ പറഞ്ഞു.

മോദിയും അമിത് ഷായും ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ബി.ജെ.പിയുടെ ലക്ഷ്യമെന്താണെന്ന് ജനം തിരിച്ചറിഞ്ഞപ്പോള്‍ അത് വഴിത്തിരിവായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അഹങ്കാരത്തിന്റെയും ഹിംസയുടെയും രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സഹകരിച്ചതിന് സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും രാഹുല്‍ നന്ദി അറിയിക്കുകയും ചെയ്തു.

‘നേരത്തെ സഖ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ധാരാളം വിമര്‍ശനങ്ങള്‍ അതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. സഖ്യത്തിനുള്ളില്‍ സഹകരണം ഇല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ഇന്ത്യാ സഖ്യം ആ വിമര്‍ശനങ്ങളെയെല്ലാം തുടച്ചുനീക്കി. രാജ്യത്തുടനീളമുള്ള എല്ലാ സഖ്യകക്ഷികളും പൂര്‍ണ സഹകരണത്തോടെ ഒരുമിച്ച് പോരാടി,’ എന്നും രാഹുല്‍ പറഞ്ഞു.

അതേസമയം റായ്ബറേലിയിലെ രാഹുലിന്റെ വിജയത്തിന് കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും ഒത്തൊരുമയോടെ ബി.ജെ.പിക്കെതിരെ പോരാടിയെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷം റായ്ബറേലിയില്‍ എത്തിയതിന് പിന്നാലെയായിരുന്നു ഇരു നേതാക്കളുടെയും പരാമര്‍ശം.

ഇത്തവണ ബി.ജെ.പിയ്ക്ക് നഷ്ടമായ സീറ്റുകളില്‍ വലിയൊരു ശതമാനവും യു.പിയിലായിരുന്നു. 2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയ്ക്ക് യു.പിയില്‍ ലഭിച്ചത് വലിയ വിജയമായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 60ല്‍ അധികം സീറ്റുകള്‍ നേടിയ ബി.ജെ.പി 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ 33 സീറ്റുകളിലേക്ക് ഒതുങ്ങി.

എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മൂന്നാമതും വന്‍ വിജയം നേടുമെന്നായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ പോലും എഴുതിത്തള്ളിയ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടി 37 ലോക്‌സഭാ സീറ്റുകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു.

Content Highlight: If Priyanka Gandhi had contested in Varanasi, Congress leader Rahul Gandhi said Modi would have lost