'പിണറായി വിജയന് അത്രയ്ക്ക് സ്നേഹമാണെങ്കിൽ സഹായം പ്രഖ്യാപിക്കട്ടെ'; വിമർശിച്ച് കർണാടക മന്ത്രി
India
'പിണറായി വിജയന് അത്രയ്ക്ക് സ്നേഹമാണെങ്കിൽ സഹായം പ്രഖ്യാപിക്കട്ടെ'; വിമർശിച്ച് കർണാടക മന്ത്രി
ശ്രീലക്ഷ്മി എ.വി.
Sunday, 28th December 2025, 9:20 pm

ബെംഗളൂരു: കർണാടകയിൽ മൂവായിരത്തോളം പേരെ കുടിയൊഴിപ്പിച്ചതിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കർണാടക മന്ത്രി.

കർണാടക ന്യൂനപക്ഷ വകുപ്പ്, ഹൗസിങ് മന്ത്രിയുമായ സമീർ അഹമ്മദാണ് പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കേരളം മുഖ്യമന്ത്രിക്ക് അത്രക്ക് സ്നേഹമാണെങ്കിൽ ജനങ്ങൾക്ക് വീടുകളും സാമ്പത്തിക സഹായവും നൽകട്ടേയെന്ന് സമീർ അഹമ്മദ് പറഞ്ഞു.

കേരള മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിനായാണ് ഈ വിഷയം ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ എം.പിമാരും എം.എൽ.എമാരും സംഭവസ്ഥലം സന്ദർശിച്ചതിനെയും കർണാടക മന്ത്രി പരിഹസിച്ചു.

അവർ ആരെയെങ്കിലും സഹായിച്ചോയെന്നും കേരളത്തിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് അവർ സ്ഥലം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിന്നും ആരും ഇവിടെ താമസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടിയിറക്കപെട്ടവരോട് യഥാർത്ഥ സ്നേഹമായിരുന്നെങ്കിൽ വീടുകൾ നിർമിച്ചുനൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യണമായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത് പ്രകാരം താൻ സ്ഥലം സന്ദർശിച്ചെന്നും നാളെ യോഗം ചേരുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നും
കർണാടക മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ കർണാടക സർക്കാർ വീടുകൾ വെച്ചുനൽകാമെന്ന് പ്രഖ്യാപിച്ചിരുന്നെന്നും അത്തരം സഹായങ്ങൾ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ വസ്തുതകൾ അറിയാതെയാണ് പ്രതികരിക്കുന്നതെന്ന് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും ആരോപിച്ചിരുന്നു. സംഭവത്തിൽ എ.ഐ.സി.സി കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.

ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമ രാഷ്‌ടീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

എന്തുപറഞ്ഞാണ് കോൺഗ്രസ് ഇതിനെ ന്യായീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഉത്തരേന്ത്യൻ മോഡലിലുള്ള ബുൾഡോസർ രീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവെച്ച് വരുമ്പോൾ അതിന് നേതൃത്വം വഹിച്ചത് കർണാടക കോൺഗ്രസാണെന്നത് ആശ്ചര്യമാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.

Content Highlight: ‘If Pinarayi Vijayan loves him so much, let him announce help’; Karnataka minister criticizes

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.