2025 വനിതാ ലോകകപ്പിനുള്ള വേദികള്‍ ഐ.സി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ ചിന്നസ്വാമി സ്റ്റേഡിയടക്കമുള്ള വേദികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു, അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം ഗുവാഹത്തി (ബര്‍സാപര സ്റ്റേഡിയം), ഹോല്‍കര്‍ സ്‌റ്റേഡിയം ഇന്‍ഡോര്‍, എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയം വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികള്‍.

ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്കയിലും ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ നടക്കും. പാകിസ്ഥാന്റെ മത്സരങ്ങളാണ് ശ്രീലങ്കയില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് ഈ മത്സരങ്ങള്‍ക്ക് വേദിയാവുക.

2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുന്നത്.