ഇന്ദിരയുടെ പകുതി ധൈര്യം ഉണ്ടെങ്കില്‍ മോദി ട്രംപിനെ നുണയനെന്ന് വിളിക്കണം: രാഹുല്‍ ഗാന്ധി
India
ഇന്ദിരയുടെ പകുതി ധൈര്യം ഉണ്ടെങ്കില്‍ മോദി ട്രംപിനെ നുണയനെന്ന് വിളിക്കണം: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th July 2025, 7:57 pm

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനുള്ള ഒരു അഭ്യാസമായിരുന്നു നടന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വ്യാപാരക്കരാര്‍ ഉപയോഗിച്ചെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ട്രംപിനെ പാര്‍ലമെന്റില്‍വെച്ച് നുണയന്‍ എന്ന് വിളിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

വ്യാപരക്കരാര്‍ ഉപയോഗിച്ചുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ട്രംപ് പറയുമ്പോഴും ഇന്ദിരാഗാന്ധിയുടെ ധൈര്യത്തിന്റെ പകുതി നരേന്ദ്ര മോദിക്കുണ്ടെങ്കില്‍, ട്രംപ് വെടിനിര്‍ത്തല്‍ സംബന്ധിച്ച് കള്ളം പറയുകയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.

തങ്ങള്‍ക്ക് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും യുദ്ധം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചെന്നും പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് മുന്‍കൂട്ടി പറഞ്ഞതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

വ്യോമ പ്രതിരോധ സംവിധാനങ്ങളെ ആക്രമിക്കാന്‍ അനുവദിക്കാതെ നമ്മുടെ പൈലറ്റുമാരുടെ കൈകള്‍ കെട്ടിയിടുകയായിരുന്നു. രാഷ്ട്രീയ നേതൃത്വം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് ചില വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന ഇന്തോനേഷ്യയിലെ പ്രതിരോധ അറ്റാഷെ ശിവ് കുമാറിന്റെ പ്രസ്താവനയെ ഉദ്ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

30 മിനുട്ട് നേരം കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങി. സേനകളുടെ കൈകള്‍ സര്‍ക്കാര്‍ ബന്ധിച്ചു. പ്രതിരോധം എന്താണെന്ന് കേന്ദ്രത്തിന് മനസിലാകുന്നില്ല. ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകുമ്പോഴെല്ലാം പാകിസ്ഥാനെ ആക്രമിക്കുമെന്ന് പറഞ്ഞുകൊണ്ട് കേന്ദ്രം സ്വയം കുഴിയില്‍ ചാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ പാകിസ്ഥാന്‍ ജനറല്‍ അസിം മുനീറിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചതിനേയും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. അസീം മുനീറിനെ എന്തിനാണ് വിളിച്ചതെന്ന് ട്രംപിനോട് ചോദിക്കാന്‍ മോദിക്ക് കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള വ്യക്തിയാണ് പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍. അടുത്തിടെ അദ്ദേഹം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ പ്രധാനമന്ത്രി മോദി ഒരക്ഷരം മിണ്ടിയില്ല. മിസ്റ്റര്‍ ട്രംപ് എങ്ങനെയാണ് അദ്ദേഹത്തെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കാന്‍ ധൈര്യപ്പെട്ടതെന്ന് മോദി ചോദിച്ചിട്ടില്ല.

ഒരു രാജ്യവും പാക്കിസ്ഥാന്റെ നടപടിയെ അപലപിച്ചില്ലെന്നും എല്ലാവരും ഇന്ത്യയേയും പാക്കിസ്ഥാനേയും തുല്യമായി കണ്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

Content Highlight: If Modi has half the courage of Indira Gandhi, he should call Trump a liar: Rahul Gandhi