ഹിസ്ബുല്ലയെ നേരിടാന്‍ ഇസ്രഈലിന് കഴിയുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണം: വീണ്ടും നിലപാട് വ്യക്തമാക്കി ട്രംപ്
World News
ഹിസ്ബുല്ലയെ നേരിടാന്‍ ഇസ്രഈലിന് കഴിയുന്നില്ലെങ്കില്‍ ആ ചുമതല സിറിയയെ ഏല്‍പ്പിക്കണം: വീണ്ടും നിലപാട് വ്യക്തമാക്കി ട്രംപ്
ആദര്‍ശ് എം.കെ.
Sunday, 21st June 2026, 10:19 pm

വാഷിങ്ടണ്‍: ലെബനനിലെ ഹിസ്ബുല്ലയെ തുരത്തുന്ന കാര്യത്തില്‍ ഇസ്രഈലിന്റെ പ്രകടനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ഹിസ്ബുല്ലയെ നിര്‍ണായകമായി പരാജയപ്പെടുത്തുന്നതില്‍ ഇസ്രഈല്‍ പരാജയപ്പെട്ടുവെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുന്ന സൈനിക തന്ത്രങ്ങളെയാണ് അവര്‍ അമിതമായി ആശ്രയിക്കുന്നതെന്നും ട്രംപ് വിമര്‍ശിച്ചു

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഹിസ്ബുല്ലയെ അവസാനിപ്പിക്കാന്‍ ഇസ്രഈലിന് കഴിയാത്തതില്‍ എനിക്ക് നിരാശയുണ്ട്,’ അദ്ദേഹം പറഞ്ഞു.

ഇസ്രഈലിന്റെ സൈനിക രീതികളെ വിമര്‍ശിച്ചുകൊണ്ട്, ‘കെട്ടിടങ്ങള്‍ തകര്‍ക്കാതെ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല’ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹിസ്ബുല്ലയെ നേരിടുന്ന കാര്യത്തില്‍ സിറിയന്‍ നേതൃത്വത്തിന് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ട്രംപിന്റെ നിരീക്ഷണം.

ഈ ദൗത്യം സിറിയയെ ഏല്‍പ്പിക്കാന്‍ ഞാന്‍ ഒരുക്കമാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയെങ്കിലും, സിറിയയുടെ പങ്ക് എന്തായിരിക്കുമെന്നോ കൂടുതല്‍ വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

നേരത്തെ പാരീസില്‍ നടന്ന ജി-7 ഉച്ചകോടിയിലും ട്രംപ് ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയെ അന്ന് അദ്ദേഹം പ്രശംസിച്ചിരുന്നു.

ബാഷര്‍ അല്‍ അസദിന്റെ പതനത്തിന് ശേഷം അധികാരത്തില്‍ വന്ന ഷറ മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന് ഹിസ്ബുല്ലയെ ഒട്ടും ഇഷ്ടമല്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. ഹിസ്ബുല്ലയെ കൈകാര്യം ചെയ്യുന്നതില്‍ ഇസ്രഈലിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സിറിയയ്ക്ക് കഴിയുമെന്നാണ് അന്ന് അദ്ദേഹം അവകാശപ്പെട്ടത്.

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെങ്കിലും, ലെബനന്റെ കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളോടുള്ള തന്റെ വിയോജിപ്പ് നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു.

 

Content highlight: If Israel cannot deal with Hezbollah, it should be handed over to Syria: Trump reiterates stance

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.