ഞാനായിരുന്നെങ്കില്‍ പന്തിനേ കണ്ണുംപൂട്ടി എടുത്തേനെ, അവന്‍ ഒരു ഒന്നൊന്നര കളിക്കാരനല്ലേ; ഓസീസ് സൂപ്പര്‍ താരം
Entertainment
ഞാനായിരുന്നെങ്കില്‍ പന്തിനേ കണ്ണുംപൂട്ടി എടുത്തേനെ, അവന്‍ ഒരു ഒന്നൊന്നര കളിക്കാരനല്ലേ; ഓസീസ് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st September 2022, 7:36 pm

റിഷബ് പന്തിനെ ഇന്ത്യയുടെ വേള്‍ഡ് കപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതിന് ചെറുതല്ലാത്ത വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ സെലക്ടേഴ്‌സ് കേള്‍ക്കേണ്ടി വരുന്നത്. ഫോമിലല്ലാത്ത റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും, സഞ്ജു സാംസണെ തഴഞ്ഞ് പന്തിന് അവസരം നല്‍കിയത് തെറ്റായ തീരുമാനമാണെന്നും പറഞ്ഞ് നിരവധി പേരാണ് രംഗത്തുവന്നത്.

സഞ്ജു ഫാന്‍സും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചില ഫാന്‍സും മാത്രമല്ല, വിദേശ ക്രിക്കറ്റ് താരങ്ങള്‍ വരെ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ തികച്ചും വ്യത്യസ്തമായ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. റിഷബ് പന്ത് അതീവപ്രതിഭയുള്ള കളിക്കാരനാണെന്നും അതുകൊണ്ട് ഇന്ത്യന്‍ ടീം അദ്ദേഹത്തെ പിന്തുണക്കണമെന്നുമാണ് ഓസീസിന്റെ മുന്‍ ഓപ്പണിങ് ബാറ്ററുടെ വാക്കുകള്‍.

ഓസ്‌ട്രേലിയ-ഇന്ത്യ സീരിസിലെ ആദ്യ മാച്ചില്‍ പന്തിന് പകരം ദിനേഷ് കാര്‍ത്തിക്കിനെയായിരുന്നു ഇന്ത്യ കളത്തിലിറക്കിയത്. എന്നാല്‍ വെറും ആറ് റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക് പുറത്തായത് ടീമിന് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് പന്തിനെ കളത്തിലിറക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ഹെയ്ഡന്‍ എത്തിയിരിക്കുന്നത്.

‘ഞാനായിരുന്നു സെലക്ടറെങ്കില്‍ റിഷബ് പന്തിനെ ഏത് ഫോര്‍മാറ്റിലേക്കും തെരഞ്ഞെടുക്കുമായിരുന്നു. അവനാണ് ഭാവി. പന്തിനെ പിന്തുണക്കാനും കൂടുതല്‍ സമയം നല്‍കാനും ഇന്ത്യ തയ്യാറാകണം. ഏങ്ങനെ നോക്കിയാലും അവന്‍ ഒരു ഒന്നാന്തരം പ്ലെയറാണ്. അതുകൊണ്ട് തന്നെ എന്തൊക്കെ വന്നാലും അദ്ദേഹത്തെ കളിപ്പിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം,’ ഹെയ്ഡന്‍ പറഞ്ഞു.

ഹെയ്ഡന്റെ വാക്കുകള്‍ പന്തിന് തീര്‍ച്ചയായും ആവേശവും ഉന്മേഷവും നല്‍കിയിരിക്കണം. കാരണം കുറച്ച് ദിവസം മുമ്പ് മുന്‍ പാക് സ്റ്റാര്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ പന്തിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു രംഗത്തെത്തിയത്.

സഞ്ജു സാംസണെ തഴഞ്ഞതിനോടുള്ള വിമര്‍ശം ചൂണ്ടിക്കാണിക്കുന്നതിനിടയിലെ പന്തിനെ സ്‌ക്വാഡിലുള്‍പ്പെടുത്തിയതിനെതിരെ അദ്ദേഹം സംസാരിച്ചത്.

ടീം സെലക്ഷന്‍ നടത്തുമ്പോള്‍ താരങ്ങളുടെ കഴിവാണ് പരിഗണിക്കേണ്ടതെന്നും അല്ലാതെ സീനിയര്‍ താരങ്ങളുമായി വെച്ചുപുലര്‍ത്തുന്ന ബന്ധമല്ല എന്നുമാണ് കനേരിയ പറഞ്ഞത്. പന്തിന്റെ സമീപകാല പ്രകടനങ്ങള്‍ വെച്ച് നോക്കിയാല്‍ അദ്ദേഹം ഒരിക്കലും ഒരു ഓട്ടോമാറ്റിക് സെലക്ഷന്‍ ആവരുതെന്നും കനേരിയ പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേരിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘ഇന്ത്യ അവരുടെ സുഹൃത്ബന്ധങ്ങള്‍ മാറ്റി നിര്‍ത്തിയായിരിക്കണം ടീം പ്രഖ്യാപിക്കേണ്ടത്. റിഷബ് പന്ത് ഒരിക്കലും ഒരു നല്ല ടി-20 കളിക്കാരന്‍ അല്ല. അദ്ദേഹം 50 ഓവര്‍ മാച്ചിനും ടെസ്റ്റ് ക്രിക്കറ്റിനുമാണ് ഏറ്റവും അനുയോജ്യന്‍.

പന്ത് ഒരു മികച്ച കളിക്കാരന്‍ തന്നെയാണ്. പക്ഷേ, അവന്‍ ഇന്ത്യയുടെ ടി-20 ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്,’ കനേരിയ പറയുന്നു.

ഇന്ത്യയുടെ വേള്‍ഡ് കപ്പ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്ക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക്ക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: If I Was The Selector, Rishabh Pant Would Be Picked In Every Side says Matthew Hayden