'പങ്കെടുത്താലും ഇല്ലെങ്കിലും നിങ്ങള്‍ എന്നെ കൊല്ലും'; ഇറാന്‍ ഒരു വിഷയമാണ്; മകന്റെ വിവാഹ ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കാമെന്ന് ട്രംപ്
World
'പങ്കെടുത്താലും ഇല്ലെങ്കിലും നിങ്ങള്‍ എന്നെ കൊല്ലും'; ഇറാന്‍ ഒരു വിഷയമാണ്; മകന്റെ വിവാഹ ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കാമെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2026, 11:13 am

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധസാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും രൂക്ഷമാകുന്നതിനിടെ, മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിവാഹച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നേക്കാമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

വ്യാഴാഴ്ച ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. അടുത്തയാഴ്ച കരീബിയന്‍ ദ്വീപായ ബഹാമാസില്‍ വെച്ചാണ് വിവാഹം നടക്കുന്നത്. എന്നാല്‍, നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളും മാധ്യമങ്ങളുടെ വേട്ടയാടലും കാരണം ഈ സമയം തനിക്ക് ഒട്ടും അനുകൂലമല്ലെന്നാണ് ട്രംപ് പറഞ്ഞത്.

‘ഞാന്‍ വിവാഹത്തിന് വരണമെന്ന് മകന്‍ ആഗ്രഹിക്കുന്നുണ്ട്. അതൊരു ചെറിയ സ്വകാര്യ ചടങ്ങായിരിക്കും, പങ്കെടുക്കാന്‍ ഞാന്‍ ശ്രമിക്കും. പക്ഷേ, ഞാന്‍ ഇപ്പോള്‍ ചില കാര്യങ്ങളുടെ നടുവിലാണ്. ഇത് എനിക്ക് നല്ല സമയമല്ലെന്ന് ഞാന്‍ അവനോട് പറഞ്ഞു. എനിക്ക് ഇറാന്‍ പ്രതിസന്ധിയും മറ്റ് ചില കാര്യങ്ങളുമുണ്ട്,’ ട്രംപ് പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും മാധ്യമങ്ങള്‍ തന്നെ കടുത്ത രീതിയില്‍ വിമര്‍ശിക്കുമെന്നും ട്രംപ് പരിഹസിച്ചു. ‘ഇതില്‍ എനിക്ക് വിജയിക്കാന്‍ കഴിയില്ല. ഞാന്‍ പങ്കെടുത്താല്‍ എന്നെ മാധ്യമങ്ങള്‍ കൊന്നൊടുക്കും. പങ്കെടുത്തില്ലെങ്കിലും വ്യാജ വാര്‍ത്തകള്‍ വഴി അവര്‍ എന്നെ കൊല്ലും. എനിക്ക് വളരെക്കാലമായി പരിചയമുള്ള വ്യക്തിയാണ് വധു, അവരുടെ ദാമ്പത്യം മികച്ചതായിരിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

സമീപ ആഴ്ചകളില്‍ രാഷ്ട്രീയമായി ട്രംപിന് തിരിച്ചടികളുടെ കാലമാണ്. പുതിയ അഭിപ്രായ വോട്ടെടുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന്റെ ജനപ്രീതിയും അംഗീകാരവും എക്കാലത്തെയും താഴ്ന്ന നിലയിലാണ്.

ഇറാന്‍ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതമാണോ ഒരു സമാധാന കരാറിലെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, ‘അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

എന്നിരുന്നാലും, ദശലക്ഷക്കണക്കിന് സാധാരണ അമേരിക്കക്കാര്‍ ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും കാരണം ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍, ബഹാമാസിലെ ആഡംബര ദ്വീപില്‍ പോയി വിവാഹ പാര്‍ട്ടി നടത്തുന്നത് രാഷ്ട്രീയമായി വലിയ ദോഷം ചെയ്യുമെന്ന് ട്രംപ് കണക്കുകൂട്ടുന്നുണ്ട്.

അന്താരാഷ്ട്ര സംഭവവികാസങ്ങളും യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും പരിപാടിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അനിശ്ചിതത്വത്തിലാക്കുന്നുണ്ടെന്നതും വസ്തുതയാണ്. സി.എന്‍.എന്‍ റിപ്പോര്‍ട്ട് പ്രകാരം അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന വളരെ ചെറിയൊരു അതിഥി പട്ടികയാണ് വിവാഹത്തിനായി തയാറാക്കിയിട്ടുള്ളത്.

പാം ബീച്ചിലെ പ്രമുഖ ബാങ്കിങ് കുടുംബത്തില്‍ നിന്നുള്ള 39 വയസ്സുകാരിയായ സാമൂഹിക പ്രവര്‍ത്തകയും മോഡലുമായ ബെറ്റിന ആന്‍ഡേഴ്സണാണ് 48 കാരനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ പ്രതിശ്രുത വധു.

കഴിഞ്ഞ ഡിസംബറില്‍ വൈറ്റ് ഹൗസില്‍ നടന്ന ഒരു അവധിക്കാല പാര്‍ട്ടിക്കിടെയാണ് ട്രംപ് ജൂനിയര്‍ ഈ വിവാഹനിശ്ചയ വാര്‍ത്ത പ്രഖ്യാപിച്ചത്. മേരിലാന്‍ഡിലെ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റായ ക്യാമ്പ് ഡേവിഡില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പിന്നീട് പാം ബീച്ചിലെ ട്രംപിന്റെ പ്രശസ്തമായ മാര്‍-എ-ലാഹോ എസ്റ്റേറ്റില്‍ വെച്ച് ബെറ്റിനയ്ക്കായി ഒരു ബ്രൈഡല്‍ ഷവറും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഇരുവരും ആദ്യമായി ദമ്പതികളായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 1971-ല്‍ വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ വെച്ച് വിവാഹിതയായ റിച്ചാര്‍ഡ് നിക്സന്റെ മകള്‍ ട്രീസിയ നിക്സന്റെ മാതൃക പിന്തുടര്‍ന്ന് വൈറ്റ് ഹൗസില്‍ തന്നെ വിവാഹം നടത്താന്‍ ട്രംപ് താത്പര്യം കാണിച്ചില്ല.

മുമ്പ് 2020-ല്‍ കിംബര്‍ലി ഗില്‍ഫോയിലുമായി ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നെങ്കിലും 2024ല്‍ ആ ബന്ധം അവസാനിപ്പിച്ചിരുന്നു. ഗില്‍ഫോയില്‍ നിലവില്‍ ഗ്രീസിലെ യു.എസ് അംബാസഡറാണ്.

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ രണ്ടാം വിവാഹമാണിത്. 2005ല്‍ ഫാഷന്‍ മോഡലായ വനേസ ഹെയ്ഡനുമായായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹം. പാം ബീച്ചിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ വെച്ച് നടന്ന ആ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ട്രംപിന്റെ സഹോദരിയും ജഡ്ജിയുമായ മരിയാന്‍ ട്രംപ് ബാരിയായിരുന്നു. 2018ലാണ് ഇവര്‍ വിവാഹമോചനം നേടിയത്. തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായി വനേസ ട്രംപ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Content Highlight: If I do attend, I get killed. If I don’t attend, I get killed  by the fake news trump about his sons marriage