ഹമാസ് ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഗസ തകർത്ത് തരിപ്പണമാക്കും; ഇസ്രഈൽ മന്ത്രി
Trending
ഹമാസ് ഞങ്ങളുടെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ ഗസ തകർത്ത് തരിപ്പണമാക്കും; ഇസ്രഈൽ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd August 2025, 6:51 pm

ടെൽ അവീവ്: ഹമാസ് ബന്ദി മോചനത്തിനും നിരായുധീകരണത്തിനും തയ്യാറായില്ലെങ്കിൽ ഗസ നഗരം നശിപ്പിക്കുമെന്ന് ഇസ്രഈൽ പ്രതിരോധ മന്ത്രി ഇസ്രഈൽ കാറ്റ്‌സ്. ഗസ സിറ്റിയിൽ വലിയ രീതിയിലുള്ള ആക്രമണത്തിന് ഇസ്രഈൽ മന്ത്രിസഭാ കഴിഞ്ഞ ദിവസമായിരുന്നു അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധം നടക്കവെയാണ് മന്ത്രി ഇസ്രഈൽ കാറ്റ്‌സിന്റെ പ്രസ്താവന.

ഖത്തറും ഈജിപ്ഷ്യൻ മധ്യസ്ഥരും മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിർത്തലിന് തിങ്കളാഴ്ച ഹമാസ് സമ്മതിച്ചിരുന്നു. ഗസയിൽ ശേഷിക്കുന്ന ഇസ്രഈൽ ബന്ദികളിൽ പകുതിപ്പേരെ ഹമാസ് മോചിപ്പിക്കുമെന്ന് ഖത്തർ പറഞ്ഞിരുന്നു. എന്നാൽ ഇസ്രഈൽ പ്രധാനമത്രി ബെഞ്ചമിൻ നെതന്യാഹു ഇത് നിരസിച്ചു. ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രഈലിന് സ്വീകാര്യമായ വ്യവസ്ഥകളിൽ ചർച്ചകൾ ആരംഭിക്കണമെന്ന് നെതന്യാഹു പറഞ്ഞു.

കൂടുതൽ ചർച്ചകൾക്ക് വേണ്ടിയുള്ള സ്ഥലം തീരുമാനിച്ചുകഴിഞ്ഞാൽ ചർച്ചയ്ക്കായി ആളുകളെ അയക്കുമെന്ന് ഒരു ഇസ്രഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രഈലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രഈലിന്റെ എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ വേണ്ടിയുള്ള ചർച്ചകൾ തുടങ്ങാൻ താൻ നിർദേശിച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇസ്രഈലിലെ ഗസ ഡിവിഷന്റെ ആസ്ഥാനം സന്ദർശിച്ചപ്പോൾ ഒരു വീഡിയോ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

‘ഗസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള ഇസ്രഈൽ പ്രതിരോധ സേനയുടെ പദ്ധതികൾക്ക് അംഗീകാരം നൽകാനാണ് ഞാൻ വന്നത്,’ അദ്ദേഹം പറഞ്ഞു. നെതന്യാഹുവിന്റെ ഈ പ്രസ്താവനയെ ശക്തിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിരോധ മന്ത്രി കാറ്റ്സ് സംസാരിച്ചത്.

അതേസമയം ബന്ദി മോചനത്തിനായി ഇസ്രഈലിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Content Highlight: If Hamas does not accept our conditions, we will destroy Gaza: Israeli minister