അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ എന്ത് കഴിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മമത
India
അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ എന്ത് കഴിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മമത
നിഷാന. വി.വി
Monday, 30th March 2026, 7:49 am

കൊല്‍ക്കത്ത: ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി.

പുരുലിയ ജില്ലയിലെ മന്‍ബസാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.

‘സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആളുകള്‍ക്ക് അവരുടെ ഭക്ഷണ മുന്‍ഗണനകള്‍ക്കനുസരിച്ച് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാന്‍ കഴിയില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവ ഇതിനകം നിരോധിച്ചിട്ടുണ്ട്,’ അവര്‍ പറഞ്ഞു.

ആളുകളുടെ ഭക്ഷണ ക്രമം നിയന്ത്രിക്കാന്‍ ബി.ജെ.പിക്കെന്ത് അവകാശമാണുള്ളതെന്നും മമത ചോദിച്ചു.

‘ഈ ഭക്ഷണ സാധനങ്ങളെല്ലാം പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ്, അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിങ്ങളുടെ ആരോഗ്യം മോശമാകും,’ മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ലക്ഷ്മി ഭണ്ഡാര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും മമത ആരോപിച്ചു. ബംഗാളില്‍ എസ്.ഐ.ആറിലൂടെ 1.2 കോടി വോട്ടര്‍മാരെ പുറത്താക്കിയെന്നും മമത പറഞ്ഞു.

മുര്‍ഷിദാബാദിലെ രഘുനാഥ് ഗഞ്ചില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ പ്രകോപനമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തെരഞ്ഞെടുപ്പിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനെയും മമത വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ കുറ്റപത്രം പുറത്തിറക്കിയിരുന്നു.

പിന്നാലെയാണ് മമതയുടെ പ്രതികരണം. ബംഗാള്‍ സര്‍ക്കാര്‍ നുഴഞ്ഞുകയറ്റം അനുവദിച്ചുവെന്നും ബംഗാള്‍ വഴിയുള്ള നുഴഞ്ഞുകയറ്റം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബംഗാളിനെ അഴിമതിയുടെ ലബോറട്ടറിയാക്കി മാറ്റിയെന്നും സംസ്ഥാനത്ത് സിന്‍ഡിക്കേറ്റ് രാജ് ആണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ അമിത് ഷായുടെ പഴയകാല പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ പേരിലാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടതെന്ന് മമത തിരിച്ചടിച്ചു.

Content Highlight: If BJP comes to power, it will decide what you eat; Mamata warns voters

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.