ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ ബാബരി മസ്ജിദ് പണിയാന്‍ അനുവദിക്കില്ല: അമിത് ഷാ
national news
ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളില്‍ ബാബരി മസ്ജിദ് പണിയാന്‍ അനുവദിക്കില്ല: അമിത് ഷാ
ആദര്‍ശ് എം.കെ.
Monday, 13th April 2026, 9:54 pm

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആം ജനത ഉന്നയന്‍ പാര്‍ട്ടി (എ.ജെ.യു.പി) സ്ഥാപകന്‍ ഹുമയൂണ്‍ കബീറും ഒരുപോലുള്ള രണ്ട് പേരാണെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇവിടെ ബാബരി മസ്ജിദ് പണിയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ കല്‍ക്കരി മേഖലയായ ബര്‍ധമാന്‍ ജില്ലയിലെ റാണിഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ മമത ബാനര്‍ജി എതിര്‍ത്തിരുന്നതായും മുന്‍ തൃണമൂല്‍ എം.എല്‍.എയായിരുന്ന ഹുമയൂണ്‍ കബീര്‍ ബാബരി മസ്ജിദിന്റെ മാതൃകയില്‍ പള്ളി നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

‘കോണ്‍ഗ്രസ്, മമത ബാനര്‍ജിയുടെ ടി.എം.സി, ഡി.എം.കെ, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ കക്ഷികള്‍ 550 വര്‍ഷത്തോളം രാം ലല്ലയെ ടെന്റിനുള്ളില്‍ നിര്‍ത്തുന്നതിനെ പിന്തുണച്ചു. 2019ല്‍ ജനങ്ങള്‍ വലിയ വിജയം നല്‍കിയതിന് ശേഷം മോദിജി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിച്ചു. മമതയെപ്പോലെയുള്ള നേതാക്കള്‍ അതിനെ എതിര്‍ത്തു.

ഇപ്പോള്‍ മമത ബാനര്‍ജിയുടെ അതേ അച്ചില്‍ വാര്‍ത്തെടുത്ത ഹുമയൂണ്‍ കബീര്‍ ബംഗാളില്‍ ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഈ സംസ്ഥാനത്ത് ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ബി.ജെ.പി ഒരിക്കലും അനുവദിക്കില്ല,’ അമിത് ഷാ പറഞ്ഞു.

ബംഗാളിലെ കുറ്റവാളികള്‍ക്ക് ടി.എം.സി അഭയം നല്‍കുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകരെ പീഡിപ്പിക്കുന്നുവെന്നും ഷാ ആരോപിച്ചു. സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് അക്രമം കാണിക്കുന്നവരെ അധികാരത്തിലെത്തിയ ശേഷം നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘ഏപ്രില്‍ 23ന് വീട്ടിലിരിക്കാന്‍ ഞാന്‍ ടി.എം.സി ഗുണ്ടകളെ ഉപദേശിക്കുകയാണ്. അല്ലാത്തപക്ഷം മെയ് നാലിന് ഞങ്ങള്‍ അവരെ ഓരോരുത്തരെയായി പിടിച്ച് ജയിലിലടയ്ക്കും. വോട്ടെണ്ണല്‍ കഴിഞ്ഞ് മെയ് അഞ്ചിന് ശേഷം, ബി.ജെ.പി പ്രവര്‍ത്തകര്‍ നിങ്ങളെ പാതാളത്തില്‍ നിന്നായാല്‍ പോലും വലിച്ചിഴച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരും,’ ഷാ കൂട്ടിച്ചേര്‍ത്തു.

294 സീറ്റുകളുള്ള പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 23ന് ഒന്നാം ഘട്ടവും 29ന് രണ്ടാം ഘട്ട വോട്ടെടുപ്പുകള്‍ നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.

 

Content Highlight: If BJP comes to power, Babri Masjid will not be allowed to be built in Bengal: Amit Shah

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.