ഇഡലി വിറ്റുപോകുന്നില്ലല്ലോ, ഹാട്രിക് 100 കോടിയെന്ന നേട്ടം കൈവിട്ട് ധനുഷ്
Indian Cinema
ഇഡലി വിറ്റുപോകുന്നില്ലല്ലോ, ഹാട്രിക് 100 കോടിയെന്ന നേട്ടം കൈവിട്ട് ധനുഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th October 2025, 3:54 pm

നിലവില്‍ തമിഴിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. രണ്ട് ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ധനുഷ് താരമെന്ന നിലയിലും നടനെന്ന നിലയിലും ഒരേസമയം തിളങ്ങുന്നുണ്ട്. ഹോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഇഡലി കടൈ അടുത്തിടെ തിയേറ്ററുകളിലെത്തിയിരുന്നു. ആദ്യദിനം മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ ഉയരാതെ പോവുകയാണുണ്ടായത്.

കേരളത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഇഡലി കടൈ നേടിയത്. ഗ്രാമത്തിന്റെ നന്മയും പാസവും ഓവറാക്കി അവതരിപ്പിച്ച ചിത്രം ഒരുതരത്തിലും പ്രേക്ഷകരെ ഇമോഷണലി കണക്ടാക്കിയിട്ടില്ലെന്നാണ് അഭിപ്രായം. മിഡില്‍ ക്ലാസ് ലൈഫിനെ പുകഴ്ത്തുന്ന ധനുഷിന്റെ സ്ഥിരം രീതി ഇത്തവണ വര്‍ക്കായിട്ടില്ലെന്നാണ് പ്രതികരണങ്ങള്‍.

റിലീസ് ചെയ്ത് രണ്ടാഴ്ചയോടടുക്കുമ്പോള്‍ 70 കോടി മാത്രമാണ് ചിത്രം നേടിയത്. ദീപാവലി റിലീസുകള്‍ വരുന്നതിനാല്‍ ചിത്രം ഈയാഴ്ചയോടെ പല സെന്ററുകളില്‍ നിന്നും മാറുമെന്ന് ഉറപ്പാണ്. ഇതോടെ ഹാട്രിക് 100 കോടിയെന്ന നേട്ടം ധനുഷിന് നഷ്ടമായിരിക്കുകയാണ്. ധനുഷിന്റെ മുന്‍ ചിത്രങ്ങളായ രായന്‍, കുബേര എന്നിവ 100 കോടി കളക്ഷന്‍ നേടിയിരുന്നു.

ഈ നേട്ടം ഇഡലി കടൈയും ആവര്‍ത്തിക്കുമെന്ന് ഫസ്റ്റ് ലുക്ക് റിലീസിന് പിന്നാലെ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ധനുഷിന് ഹാട്രിക് 100 കോടി നേടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം പിന്നീട് ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. പൂജ ഹോളിഡേയ്‌സ് മുതലാക്കാന്‍ ഇഡലി കടൈക്ക് സാധിച്ചില്ല.

ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ധനുഷിന്റെ നാലാമത്തെ സംവിധാന സംരംഭമാണിത്. സംവിധാനത്തില്‍ പുലിയാണെങ്കിലും താരത്തിന്റെ സ്‌ക്രിപ്റ്റുകള്‍ വീക്കാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വിശ്രമമില്ലാതെ ഒന്നിന് പുറകെ ഒന്ന് എന്ന തരത്തിലാണ് ധനുഷ് ഓരോ സിനിമകളും പൂര്‍ത്തിയാക്കുന്നത്.

ഒരു ഗ്രാമവും അതിന്റെ അടയാളമായ ഇഡലി കടൈയുടെയും കഥയാണ് ചിത്രം പറയുന്നത്. രാജ് കിരണ്‍, അരുണ്‍ വിജയ്, നിത്യ മേനന്‍, സത്യരാജ്, ശാലിനി പാണ്ഡെ, സമുദ്രക്കനി, പാര്‍ത്ഥിബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബോളിവുഡ് ചിത്രം തേര് ഇഷ്‌ക് മേം ആണ് ധനുഷിന്റെ അടുത്ത തിയേറ്റര്‍ റിലീസ്. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlight: Idli Kadai struggles to perform in Box Office