മിസൈലാക്രമണ ദൃശ്യങ്ങൾ ഇറാന് കൈമാറി; ഇസ്രഈലി പട്ടാളക്കാരൻ അറസ്റ്റിൽ
Trending
മിസൈലാക്രമണ ദൃശ്യങ്ങൾ ഇറാന് കൈമാറി; ഇസ്രഈലി പട്ടാളക്കാരൻ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th July 2025, 1:11 pm

ടെൽ അവീവ്: കഴിഞ്ഞ മാസം നടന്ന ഇസ്രഈൽ-ഇറാൻ സംഘർഷത്തിനിടെ ഇറാനിലേക്ക് മിസൈൽ ദൃശ്യങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഇസ്രഈലി സൈനികൻ അറസ്റ്റിൽ. പണത്തിന് പകരമായി ഇറാന് തന്ത്രപ്രധാനമായ വിവരങ്ങൾ നൽകിയതിന് ഒരു ഇസ്രഈലി സൈനികനെ അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രഈൽ റിപ്പോർട്ട് ചെയ്തു.

ഐ.ഡി.എഫ് സൈനികനെതിരെ കുറ്റം ചുമത്തിയതായി ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും ഇസ്രഈൽ പോലീസും അറിയിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷിൻ ബെറ്റ്, പൊലീസിന്റെ ലഹാവ് 433 മേജർ ക്രൈംസ് യൂണിറ്റും മിലിട്ടറി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിന് പിന്നാലെ സൈനികനെതിരെ കുറ്റപത്രം സമർപ്പിച്ചു.

ഇസ്രഈലിന്റെ രഹസ്യാന്വേഷണ സംഘടനയായ ഷിൻ ബെറ്റും പോലീസും പറയുന്നതനുസരിച്ച്, സൈനികൻ ഇറാനുമായി ബന്ധം പുലർത്തുകയും അവർക്കുവേണ്ടി ജോലികൾ ചെയ്യുകയും ചെയ്തു. സൈനികൻ ഇറാന്റെ മിസൈൽ ആക്രമണത്തിൽ തകർന്ന ഇസ്രഈലിലെ സ്ഥലങ്ങളും റോക്കറ്റിന്റെയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും അവ ഇറാന് പങ്കുവെക്കുകയും ചെയ്തു.

ഇസ്രഈൽ സൈനികൻ ശത്രു രാജ്യവുമായി ബന്ധം പുലർത്തിയെന്നത് ഗുരുതരമായ വിഷയമാണെന്ന് ഷിൻ ബെറ്റ് പറഞ്ഞു.

‘ഇസ്രഈൽ സൈനികൻ തന്നെ ഒരു വിദേശ ഏജന്റുമായി സമ്പർക്കം പുലർത്തുകയും ശത്രുവിന് വിവരങ്ങൾ കൈമാറുകയും ചെയ്തു. ശത്രുവിന് വിവരങ്ങൾ കൈമാറിയെന്ന കുറ്റമാണ് സൈനികനെതിരെ ചുമത്തിയിരിക്കുന്നത്,’ ഷിൻ ബെറ്റ് പറഞ്ഞു. ജൂലൈ 22 വരെ സൈനികനെ തടങ്കലിൽ വയ്ക്കാൻ സൈനിക കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും വിചാരണയ്ക്കിടെ അദ്ദേഹത്തിന്റെ റിമാൻഡ് കൂടുതൽ നീട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഷൈൻ ബെറ്റ് കൂട്ടിച്ചേർത്തു.

അതേസമയം ജൂണിലെ യുദ്ധകാലത്ത് നെവാതിം വ്യോമ താവളത്തിൽനിന്ന് ഇസ്രയേൽ പോർ വിമാനങ്ങൾ പറന്നുയരുന്നതിൻ്റെ ചിത്രങ്ങൾ ഇറാൻ ഏജൻ്റിന് കൈമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരധ്യാപകനെയും അറസ്റ്റ് ചെയ്തതായി പൊലീസും ഷിൻ ബെറ്റും പറഞ്ഞിരുന്നു.

അബു ഖുവാദറിലെ ബെഡൂയിൻ ഗ്രാമത്തിലെ താമസക്കാരിയായ തഹാനി അബു സംഹാൻ (33) എന്ന അധ്യാപകനായിരുന്നു അറസ്റ്റിലായത്. ഇയാൾ വളരെക്കാലമായി ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം തുടർന്നുവരികയായിരുന്നുവെന്ന് ഷിൻ ബെറ്റ് പറഞ്ഞു.

 

Content Highlight: IDF soldier charged with spying for Iran, sending footage of rocket impact sites