ഫലസ്തീന്‍ തടവുകാരനെ ഐ.ഡി.എഫ് സൈനികര്‍ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ത്താന്‍ അനുമതി നല്‍കി; മേജര്‍ ജനറല്‍ രാജിവെച്ചു
ISREAL-PALESTINE
ഫലസ്തീന്‍ തടവുകാരനെ ഐ.ഡി.എഫ് സൈനികര്‍ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ത്താന്‍ അനുമതി നല്‍കി; മേജര്‍ ജനറല്‍ രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st November 2025, 3:27 pm

ടെല്‍ അവീവ്: ഇസ്രഈല്‍ സൈന്യത്തില്‍ (ഐ.ഡി.എഫ്) നിന്ന് രാജിവെച്ച് ഉന്നത അഭിഭാഷക മേജര്‍ ജനറല്‍ യിഫാത് ടോമര്‍-യെരുഷാല്‍മി.

2024ല്‍ ഒരു ഫലസ്തീന്‍ തടവുകാരനെ ഐ.ഡി.എഫ് സൈനികര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചോര്‍ത്തുന്നതിന് അനുമതി നല്‍കിയെന്ന് സമ്മതിച്ചുകൊണ്ടാണ് അഭിഭാഷകയുടെ രാജി പ്രഖ്യാപനം.

സ്‌ഡെ ടെയ്മാന്‍ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് യെരുഷാല്‍മിയുടെ അനുമതിയോടെ പുറത്തുവന്നത്. തടവുകാരില്‍ നിന്ന് ഒരാളെ മാറ്റിനിര്‍ത്തുന്നതും പിന്നീട് ഇദ്ദേഹത്തെ പീഡിപ്പിക്കുന്നതുമായിരുന്നു ദൃശ്യങ്ങളില്‍. ആര്‍മി ഷീല്‍ഡുകളാല്‍ മറച്ചുകൊണ്ടാണ് സൈനികര്‍ ഈ അതിക്രമം നടത്തിയത്.

പ്രസ്തുത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് ഇസ്രഈല്‍ അഭിഭാഷക രാജി പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ ഐ.ഡി.എഫ് ചീഫ് ഓഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീറിന് അഭിഭാഷക രാജിക്കത്ത് കൈമാറുകയായിരുന്നു.

ജയില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ തനിക്ക് പങ്കുണ്ടെന്ന് സമീറിന് മുമ്പാകെ അഭിഭാഷക സമ്മതിച്ചതായി ദി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രഈല്‍ സൈനിക അധികാരികള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളെ ചെറുക്കുന്നതിനായി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ താന്‍ അംഗീകാരം നല്‍കിയെന്ന് കത്തില്‍ സമ്മതിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി യെരുഷാല്‍മി പൊലീസ് അന്വേഷണം നേരിടുന്നുണ്ട്. ഇസ്രഈല്‍ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ യെരുഷാല്‍മി അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തടവുകാരെ ചൂഷണത്തിനിരയാക്കുന്ന സൈനികരുടെ വീഡിയോ വിവാദമായതോടെ യെരുഷാല്‍മിയെ പിരിച്ചുവിടുമെന്ന് പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞിരുന്നു.

നിലവില്‍ യെരുഷാല്‍മിയുടെ രാജിയില്‍ പ്രതികരിച്ച മന്ത്രി, അവര്‍ ഐ.ഡി.എഫിന്റെ യൂണിഫോം ധരിക്കാന്‍ യോഗ്യയല്ലെന്നും പറഞ്ഞു. ഉടന്‍ തന്നെ യെരുഷാല്‍മിയുടെ ഒഴിവിലേക്ക് താത്കാലിക നിയമനമുണ്ടാകുമെന്നും ശേഷം പുതിയ ഉദ്യോഗസ്ഥനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും കാറ്റ്‌സ് പറഞ്ഞു.

അതേസമയം തടവുകാരെ പീഡിപ്പിച്ച സംഭവത്തില്‍ അഞ്ച് റിസര്‍വ് സൈനികര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തില്‍ തടവുകാരന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞതായും മലാശയത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായതായും ചൂണ്ടിക്കാട്ടിയിരുന്നു.

2024 ജൂലൈ ആദ്യവാരത്തിലാണ് ഫലസ്തീന്‍ തടവുകാരന്‍ പീഡനത്തിനിരയായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നത്.

Content Highlight: IDF’s top lawyer quits; she says approved leak of detainee abuse video