'അതിനു കാരണം പ്രധാനമന്ത്രിയെയും ഓഫീസിനെയും ചുറ്റിപ്പറ്റി എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത്'; സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ഇങ്ങനെയെന്ന് രഘുറാം രാജന്‍
Economic Crisis
'അതിനു കാരണം പ്രധാനമന്ത്രിയെയും ഓഫീസിനെയും ചുറ്റിപ്പറ്റി എല്ലാക്കാര്യങ്ങളും തീരുമാനിക്കുന്നത്'; സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ഇങ്ങനെയെന്ന് രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th December 2019, 4:34 pm

ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണം പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും മാത്രം ചുറ്റിപ്പറ്റി കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നതുകൊണ്ടാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. തീരുമാനങ്ങള്‍ മാത്രമല്ല, ആശയരൂപീകരണവും പദ്ധതികളും ഇങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യാ ടുഡേ മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ‘സര്‍ക്കാരിന്റെ പല നയങ്ങളും ദീര്‍ഘകാല സാമ്പത്തിക കാഴ്ചപ്പാടുകള്‍ ഇല്ലാത്തവയാണ്. അത് പാര്‍ട്ടിയുടെ രാഷ്ട്രീയ, സാമൂഹ്യ അജണ്ടയ്ക്കു നല്ലതാണ്.

എന്നാല്‍ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ചുറ്റിപ്പറ്റി നില്‍ക്കുന്നയാളുകള്‍ക്ക് സാമ്പത്തിക പരിഷ്‌കരണങ്ങളെപ്പറ്റി കൃത്യമായ ധാരണയില്ല. സംസ്ഥാനതലത്തില്‍ എന്നതിനേക്കാള്‍, ദേശീയതലത്തില്‍ സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ച് ഇവര്‍ക്കറിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിന്റെ രാഷ്ട്രീയ, സാമൂഹ്യ അജണ്ടയ്ക്കാണ് സാമ്പത്തിക ലക്ഷ്യങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. വളര്‍ച്ചയ്ക്കു രണ്ടാമതു മാത്രമാണു പ്രാധാന്യം.

മോദിസര്‍ക്കാര്‍ അധികാരത്തിലേറിയതു തന്നെ ‘മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ്’ എന്നത് ഉയര്‍ത്തിക്കാട്ടിയാണ് എന്നാല്‍ ഇപ്പോഴിതു മറന്നുവെന്നാണു തോന്നുന്നത്. സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ജനങ്ങളെ മാത്രമല്ല, സ്വകാര്യ മേഖലയെക്കൂടി എന്തെങ്കിലും ചെയ്യാന്‍ അനുവദിക്കണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യം ഇതിനു വേണ്ടത് ഗ്രാമീണ മേഖലയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ്. പിന്നീട് മേഖലാടിസ്ഥാനത്തില്‍, അതായത് റിയല്‍ എസ്റ്റേറ്റ്, നിര്‍മാണം, എന്‍.ബി.എഫ്.സികള്‍ എന്നിവയില്‍ വളര്‍ച്ച കൊണ്ടുവരിക. അത് വളര്‍ച്ച കൂട്ടും.’- അദ്ദേഹം പറഞ്ഞു.