ആഗോള ഭൗമരാഷ്ട്രീയത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്കിടെ അമേരിക്കയ്ക്കും ഡൊണാള്‍ഡ് ട്രംപിനുമെതിരെ ഒളിയമ്പുമായി ഐസ്‌ലാന്‍ഡ് ക്രിക്കറ്റ്.
അമേരിക്ക വെനസ്വേലയില്‍ കടന്നുകയറി പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും പങ്കാളിയെയും ബന്ദിയാക്കിയ സാഹചര്യത്തിലാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ പരിഹാസം. ഗ്രീന്‍ലാന്‍ഡിനെയടക്കം പിടിച്ചെടുക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെയും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
‘വെനസ്വേയില്‍ നിറയെ എണ്ണനിക്ഷേമുണ്ട്. ഗ്രീന്‍ലാന്‍ഡിലാകട്ടെ അപൂര്‍വങ്ങളായ അനവധി ധാതുനിക്ഷേപങ്ങളും.
ഭാഗ്യമെന്ന് പറയട്ടെ, ഐസ്‌ലാന്‍ഡില്‍ അഗ്നിപര്‍വതവും ഹിമാനികളും വെറും ശരാശരി ക്രിക്കറ്റ് താരങ്ങളും മാത്രമാണുള്ളത്,’ എന്നായിരുന്നു ഐസ്‌ലാന്‍ഡ് ക്രിക്കറ്റിന്റെ പോസ്റ്റ്.
Venezuela has oil.
Greenland has rare Earth minerals.
Luckily Iceland has only volcanoes, glaciers, and very average cricketers.
ഏറെ നാളുകളായി വെനസ്വേലയുടെ എണ്ണ നിക്ഷേപങ്ങളില്‍ കണ്ണുനട്ടിരിക്കുകയാണ് അമേരിക്ക. മഡൂറോയ്ക്ക് മുമ്പ് വെനേസ്വലന്‍ പ്രസിഡന്റായ ഹ്യൂഗോ ഷാവേസിന്റെ 2001ലെ ഹൈഡ്രോ കാര്‍ബണ്‍ നിയമങ്ങളാണ് അമേരിക്കയ്ക്ക് തിരിച്ചടിയായത്.
വെനസ്വേലയുടെ മണ്ണിലുള്ള എണ്ണസമ്പത്ത് ആ രാജ്യത്തിന്റേതാണെന്നും വിദേശ കമ്പനികള്‍ക്ക് അവിടെ പ്രവര്‍ത്തിക്കണമെങ്കില്‍ വെനസ്വേലന്‍ കമ്പനികളുമായി പങ്കാളിത്തം വേണമെന്നുമായിരുന്നു ഈ നിയമത്തിലെ വ്യവസ്ഥ.
എണ്ണസമ്പത്തിന്റെ പകുതിയിലധികം വെനസ്വേലന്‍ കമ്പനികള്‍ക്ക് അവകാശപ്പെട്ടതാണെന്ന ആ നിയമം എക്‌സോണ്‍ മൊബീല്‍ (Exxon Mobile) പോലുള്ള കമ്പനികള്‍ക്ക് അംഗീകരിക്കാനായില്ല. കൂടാതെ, ഈ എണ്ണപ്പണം ഉപയോഗിച്ച് ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്കന്‍ വിരുദ്ധമായ ഒരു സോഷ്യലിസ്റ്റ് ചേരി കെട്ടിപ്പടുക്കാന്‍ ഷാവേസും മഡൂറോയും ശ്രമിച്ചതും അമേരിക്കയെ പ്രകോപിപ്പിച്ചിരുന്നു.
ഹ്യൂഗോ ഷാവേസും നിക്കോളാസ് മഡൂറോയും
‘ഞങ്ങളുടെ എണ്ണ ഞങ്ങള്‍ക്ക് വേണ’മെന്ന ട്രംപിന്റെ പരസ്യപ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.
വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിനെയും സ്വന്തമാക്കുമെന്ന തലത്തില്‍ ട്രംപിന്റെ അടുത്ത അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായ സ്റ്റീഫന്‍ മില്ലറുടെ പങ്കാളി കാറ്റി മില്ലറാണ് പോസ്റ്റ് പങ്കുവെച്ചത്.
ഒട്ടും വൈകാതെ എന്ന ക്യാപ്ഷനോടെ അമേരിക്കന്‍ പതാകയില്‍ മുങ്ങി നില്‍ക്കുന്ന ഗ്രീന്‍ലാന്‍ഡിന്റെ ചിത്രമാണ് കാറ്റി പങ്കുവെച്ചത്. ട്രംപിന്റെ ആദ്യ പ്രിസിഡന്‍ഷ്യല്‍ റണ്ണില്‍ മൈക് പെന്‍സിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ കൂടിയായായിരുന്നു കാറ്റി.
കാറ്റി മില്ലർ പങ്കുവെച്ച ചിത്രം
ഡെന്മാര്‍ക്ക് ഭരണകൂടമാണ് നിലവില്‍ ഗ്രീന്‍ലാന്‍ഡിലെ ഭരണനിര്‍വഹണം നടത്തുന്നത്. മാത്രമല്ല നാറ്റോ അംഗത്വവുമുണ്ട്. ഏറെനാളായി അമേരിക്ക ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ട്ടിക് മേഖലയിലെ സുരക്ഷയെ മുന്‍നിര്‍ത്തിയാണിത്.
അതേസമയം ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ അമേരിക്കയോട് ഇത്തരം ഭീഷണികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
Content Highlight: Iceland cricket trolls America and Donald Trump