ഫലമില്ലാത്ത അവസാനം, പാഴായത് രണ്ട് അര്‍ധ സെഞ്ച്വറികള്‍; ആദ്യ ജയം ഇപ്പോഴുമകലെ
ICC Women's World Cup
ഫലമില്ലാത്ത അവസാനം, പാഴായത് രണ്ട് അര്‍ധ സെഞ്ച്വറികള്‍; ആദ്യ ജയം ഇപ്പോഴുമകലെ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 14th October 2025, 9:55 pm

ഐ.സി.സി വനിതാ ലോകകപ്പിലെ ശ്രീലങ്ക – ന്യൂസിലാന്‍ഡ് മത്സരം ഫലമില്ലാതെ അവസാനിച്ചു. മോശം കാലാവസ്ഥ മൂലം ന്യൂസിലാന്‍ഡിന് ഒറ്റ പന്ത് പോലും നേരിടാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് നേടി. ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെയും നിലാക്ഷി ഡി സില്‍വയുടെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

72 പന്തില്‍ 53 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഏഴ് ഫോറുകളാണ് ചമാരിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ആറാം നമ്പറിലിറങ്ങിയ നിലാക്ഷി 28 പന്തില്‍ പുറത്താകാതെ 55 റണ്‍സ് സ്വന്തമാക്കി. ഏഴ് ഫോറും ഒരു സിക്‌സറും അടക്കം 196.43 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

ഇവര്‍ക്ക് പുറമെ ഹാസിനി പെരേര (61 പന്തില്‍ 44), വിഷ്മി ഗുണരത്‌നെ (83 പന്തില്‍ 46), ഹര്‍ഷിത സമരവിക്രമ (31 പന്തില്‍ 26) എന്നിവരും ലങ്കന്‍ ടോട്ടലില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 258ലെത്തി.

ന്യൂസിലാന്‍ഡിനായി സോഫി ഡിവൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രിയാം ഇല്ലിങ് രണ്ട് വിക്കറ്റും റോസ്‌മേരി മെയര്‍ ഒരു വിക്കറ്റും വീഴ്ത്തി.

259 റണ്‍സിന്റെ ലക്ഷ്യമിട്ടിറങ്ങിയ ന്യൂസിലാന്‍ഡിനെ മഴ ചതിച്ചു. ഒറ്റ പന്ത് പോലും നേരിടാനാകാതെ മത്സരം ഉപേക്ഷിച്ചു.

നാല് മത്സരത്തില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ അഞ്ചാമതാണ് വൈറ്റ് ഫേണ്‍സ്.

നാല് മത്സരത്തില്‍ നിന്നും ഒറ്റ വിജയം പോലുമില്ലാതെ രണ്ട് പോയിന്റുമായി ഏഴാമതാണ് ശ്രീലങ്ക. ഒറ്റ പോയിന്റ് പോലുമില്ലാതെ പാകിസ്ഥാന്‍ മാത്രമാണ് ലങ്കയ്ക്ക് താഴെയുള്ളത്.

 

Content Highlight: ICC Women’s World Cup: Sri Lanka vs New Zealand match ended in No Result