ആദ്യ മത്സരത്തില്‍ നാണംകെടുത്തിയതിന്റെ പ്രതികാരം സെമി ഫൈനലില്‍; സൗത്ത് ആഫ്രിക്കന്‍ കൊടുങ്കാറ്റ് ഫൈനലിലേക്ക്
ICC Women's World Cup
ആദ്യ മത്സരത്തില്‍ നാണംകെടുത്തിയതിന്റെ പ്രതികാരം സെമി ഫൈനലില്‍; സൗത്ത് ആഫ്രിക്കന്‍ കൊടുങ്കാറ്റ് ഫൈനലിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th October 2025, 10:01 pm

ഐ.സി.സി വനിതാ ഏകദിന ലോകകപ്പിലെ ആദ്യ സെമി ഫൈനല്‍ വിജയിച്ച് സൗത്ത് ആഫ്രിക്ക. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 125 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.

ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ കരുത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 320 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 194ന് പുറത്തായി. ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ 69 റണ്‍സിന് പുറത്താക്കുകയും പത്ത് വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയും ചെയ്ത ഇംഗ്ലണ്ടിനെ തന്നെ സെമിയില്‍ പരാജയപ്പെടുത്തിയത് പ്രോട്ടിയാസിന്റെ വിജയത്തിന് മധുരമേറ്റി. ചരിത്രത്തിലാദ്യമായാണ് സൗത്ത് ആഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു.

ടീം സ്‌കോര്‍ 116ല്‍ നില്‍ക്കവെ ടാസ്മിന്‍ ബ്രിറ്റ്‌സിനെ മടക്കി സോഫി എക്കല്‍സ്റ്റോണാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. 65 പന്ത് നേരിട്ട താരം 45 റണ്‍സ് നേടി മടങ്ങി. അതേ ഓവറില്‍ അനേക് ബോഷും ബ്രോണ്‍സ് ഡക്കാക്കിയ എക്കല്‍സ്‌റ്റോണ്‍ പ്രോട്ടിയാസിന് അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. അധികം വൈകാതെ ഒരു റണ്‍സ് മാത്രം നേടിയ സ്യൂന്‍ ലസും തിരിച്ചുനടന്നു.

നാലാം വിക്കറ്റില്‍ മാരിസാന്‍ കാപ്പിനെ ഒപ്പം കൂട്ടിയ ക്യാപ്റ്റന്‍ ലോറ മറ്റൊരു മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 119ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തകരുന്നത് 191ലാണ്. 33 പന്തില്‍ 42 റണ്‍സടിച്ച കാപ്പിനെ മടക്കി എക്കല്‍സ്റ്റോണ്‍ വീണ്ടും ബ്രേക് ത്രൂ സമ്മാനിച്ചു.

സിനാലോ ജാഫയും (നാല് പന്തില്‍ ഒന്ന്), അനെറിക് ഡെറിക്‌സണും (14 പന്തില്‍ നാല്) ഒറ്റയക്കത്തിന് മടങ്ങിയെങ്കിലും ക്ലോ ട്രയോണിനെ ഒപ്പം കൂട്ടി ലോറ തന്റെ മാജിക് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 291ല്‍ നില്‍ക്കവെ ലോറ വോള്‍വാര്‍ഡിനെ പ്രോട്ടിയാസിന് നഷ്ടപ്പെട്ടു. 143 പന്തില്‍ 169 റണ്‍സുമായാണ് ലോറ തിരിച്ചുനടന്നത്. 20 ഫോറും നാല് സിക്‌സറും അടക്കം 118.18 സ്‌ട്രൈക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

ഒടുവില്‍ സൗത്ത് ആഫ്രിക്ക 319/7 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ക്ലോ ട്രയോണ്‍ 26 പന്തില് 33 റണ്‍സും നാദിന്‍ ഡി ക്ലെര്‍ക് ആറ് പന്തില്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറന്‍ ബെല്‍ രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ ആദ്യ മൂന്ന് താരങ്ങളും പൂജ്യത്തിന് പുറത്തായി. ആമി ജോണ്‍സ്, ടാംസിന്‍ ബ്യൂമൗണ്ട്, ഹീതര്‍ നൈറ്റ് എന്നിവരാണ് ആദ്യ ഏഴ് പന്തിനിടെ പുറത്തായത്.

നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ടും അലീസ് ക്യാപ്‌സിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും തിളങ്ങിയത്.

23ാം ഓവറിലെ അഞ്ചാം പന്തില്‍, ടീം സ്‌കോര്‍ 108ല്‍ നില്‍ക്കവെ ക്യാപ്‌സിയെ മടക്കി സ്യൂന്‍ ലസ് കൂട്ടുകെട്ട് പൊളിച്ചു. 71 പന്തില്‍ 50 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ ഡാനി വയറ്റിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ മറ്റൊരു മികച്ച കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും അധികം ആയുസ് നല്‍കാതെ പ്രോട്ടിയാസ് ബൗളര്‍മാര്‍ ആ ശ്രമം വിഫലമാക്കി. സ്‌കോര്‍ ബോര്‍ഡില്‍ 135ല്‍ നില്‍ക്കവെ 64 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഞ്ചാം വിക്കറ്റായി തിരികെ നടന്നു. മാരിസാന്‍ കാപ്പിനാണ് വിക്കറ്റ്.

ഡാനി വയറ്റും (31 പന്തില്‍ 34), ലിസി സ്മിത്തും (36 പന്തില്‍ 27) പൊരുതിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു.

ഒടുവില്‍ ഇംഗ്ലണ്ട് 194ന് പുറത്തായി.

സൗത്ത് ആഫ്രിക്കയ്ക്കായി മാരിസന്‍ കാപ്പ് അഞ്ച് വിക്കറ്റ് വീഴ്ത്തി. നാദിന്‍ ഡി ക്ലാര്‍ക് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അയബോംഗ ഖാക, നോന്‍കുലുലേകോ എംലാബ, സ്യൂന്‍ ലസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

നംവബര്‍ രണ്ടിനാണ് സൗത്ത് ആഫ്രിക്ക കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. നാളെ നടക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തിലെ വിജയികളെയാണ് പ്രോട്ടിയാസിന് നേരിടാനുള്ളത്.

 

Content Highlight: ICC Women’s World Cup: South Africa defeated England and qualified for the final