ക്യാച്ചസ് വിന്‍സ് മാച്ചസ്; വിജയം കയ്യിലൊതുങ്ങാതെ ബംഗ്ലാദേശ്, ബാക്ക് ടു ബാക്ക് വിജയുമായി പ്രോട്ടിയാസ്
ICC Women's World Cup
ക്യാച്ചസ് വിന്‍സ് മാച്ചസ്; വിജയം കയ്യിലൊതുങ്ങാതെ ബംഗ്ലാദേശ്, ബാക്ക് ടു ബാക്ക് വിജയുമായി പ്രോട്ടിയാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th October 2025, 10:36 pm

ഐ.സി.സി വനിതാ ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വിജയം. വിശാഖ പട്ടണത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടീം നേടിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് പന്ത് ശേഷിക്കെ പ്രോട്ടിയാസ് വിജയലക്ഷ്യം മറികടന്നു.

മത്സരത്തിലുടനീളം ഫീല്‍ഡിങ്ങില്‍ വരുത്തിയ പിഴവുകളാണ് ബംഗ്ലാദേശിനെ പരാജയത്തിലേക്ക് നയിച്ചത്. പലപ്പോഴായി കൈവിട്ടുകളഞ്ഞ ക്യാച്ചുകളും ബംഗ്ലാ കടുവകളെ വിജയത്തില്‍ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറിയുമായി ഓപ്പണര്‍മാര്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കി. 25 റണ്‍സ് നേടിയ റുബേയ ഹൈദറിനെ മടക്കി ക്ലോ ട്രയോണ്‍ കൂട്ടുകെട്ട് പൊളിച്ചു.

രണ്ടാം വിക്കറ്റിലും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ച ബംഗ്ലാദേശിനെ നോന്‍കുലുലേകോ എംലാബ ഞെട്ടിച്ചു. 30 റണ്‍സടിച്ച ഫര്‍ഗാന ഹഖിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി താരം പുറത്താക്കി.

ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയെ ഒപ്പം കൂട്ടി ഷാമിന്‍ അക്തര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സാണ് ഇരുവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്.

ടീം സ്‌കോര്‍ 150ല്‍ നില്‍ക്കവെ സുല്‍ത്താനയെ (42 പന്തില്‍ 32) മടക്കി എംലാബ വീണ്ടും ബ്രേക് ത്രൂ സമ്മാനിച്ചു. അധികം വൈകാതെ അര്‍ധ സെഞ്ച്വറി നേടിയ ഷമീം അക്തറിനെയും പ്രോട്ടിയാസ് പുറത്താക്കി.

35 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയ ഷോർന അക്തറിന്റെ കരുത്തില്‍ ബംഗ്ലാദേശ് 200 കടന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 232ലെത്തി.

പ്രോട്ടിയാസിനായി എംലാബ രണ്ട് വിക്കറ്റ് വീഴ്ത്തി. ക്ലോ ട്രയോണും നാദിന്‍ ഡി ക്ലെര്‍ക്കും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ രണ്ട് താരങ്ങള്‍ റണ്‍ ഔട്ടായും മടങ്ങി.

മറുപടി ബാറ്റിങ്ങിറങ്ങിയ പ്രോട്ടിയാസിന് തുടക്കം പാളി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടാസ്മിന്‍ ബ്രിറ്റ്‌സ് പൂജ്യത്തിന് മടങ്ങി. നാഹിദ അക്തറിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് താരം മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ അനേക് ബോഷിനെ ഒപ്പം കൂട്ടി ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 15ാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റനെ റണ്‍ ഔട്ടിലൂടെ പുറത്താക്കി ബംഗ്ലാദേശ് ബ്രേക് ത്രൂ നേടി.

ടീം സ്‌കോര്‍ 58ല്‍ നില്‍ക്കവെ ക്യാപ്റ്റനെ നഷ്ടപ്പെട്ട പ്രോട്ടിയാസിന് 64ല്‍ നില്‍ക്കവെ രണ്ട് റണ്‍സ് നേടിയ എ. ഡെറിക്‌സണെയും നഷ്ടപ്പെട്ടു. 78ല്‍ നില്‍ക്കവെ സിനാലോ ജാഫ്‌റ്റെയും പുറത്തായി.

എന്നാല്‍ മാരിസാന്‍ കാപ്പിന്റെയും (71 പന്തില്‍ 56), ക്ലോ ട്രയോണ്‍ (69 പന്തില്‍ 62) എന്നിവരുടെ കരുത്തില്‍ പ്രോട്ടിയാസ് വിജയത്തിലേക്ക് ഓടിയടുത്തു.

ഒടുവില്‍ അവസാന ഓവറില്‍ എട്ട് റണ്‍സ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച നാദിന്‍ ഡി ക്ലെര്‍ക് മൂന്നാം പന്തില്‍ സിക്‌സറടിച്ച് പ്രോട്ടിയാസിന് വിജയം സമ്മാനിച്ചു.

മത്സരത്തില്‍ പലപ്പോഴായി കൈവിട്ടുകളഞ്ഞ ക്യാച്ചുകളാണ് ബംഗ്ലാദേശിനെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ആദ്യ ഓവറുകളില്‍ ക്യാപ്റ്റന്‍ ലോറയുടേതും 49ാം ഓവറില്‍ നാദിന്‍ ഡി ക്ലാര്‍ക്കിന്റെയുമടക്കം ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതാണ് ടീമിനെ പരാജയത്തിലേക്ക് തള്ളിയിട്ടത്.

 

Content Highlight: ICC Women’s World Cup: South Africa defeated Bangladesh