ഫൈനലില്‍ കമ്മിന്‍സ് പറഞ്ഞ അതേ വാക്കുകള്‍; 'ഞങ്ങള്‍ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കും', ലോറയുടെ മുന്നറിയിപ്പ്
ICC Women's World Cup
ഫൈനലില്‍ കമ്മിന്‍സ് പറഞ്ഞ അതേ വാക്കുകള്‍; 'ഞങ്ങള്‍ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കും', ലോറയുടെ മുന്നറിയിപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd November 2025, 7:01 am

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പ് ഫൈനലിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ആരാധകര്‍. നവി മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടും. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. സൗത്ത് ആഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഇന്ത്യയുടെ മൂന്നാം ഫൈനലും.

ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ടീമിനും ആരാധകര്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. 2023 പുരുഷ ലോകകപ്പ് ഫൈനലിന് മുമ്പ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞതുപോലെ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കുമെന്നാണ് ലോറ പറഞ്ഞത്.

ഫൈനലിന് മുമ്പുള്ള പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രോട്ടിയാസ് ലെജന്‍ഡ്. കമ്മിന്‍സിന്റെ വാക്കുകള്‍ ആവര്‍ത്തിക്കാനും ഹോം ക്രൗഡിനെ നിശബ്ദമാക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ വിജയിക്കുമെന്നും കിരീടം നേടുമെന്നുമാണ് ഉറച്ചുവിശ്വസിക്കുന്നത്. അത് അവരെ (ഇന്ത്യന്‍ ആരാധകരെ) നിശബ്ദമാക്കുമെന്നാണ് കരുതുന്നത്. അതിനാല്‍ അതെ എന്ന് തന്നെ മറുപടി നല്‍കാനാണ് ആഗ്രഹിക്കുന്നത്,’ ലോറ വോള്‍വാര്‍ഡ് പറഞ്ഞു.

2023 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടവുമായി പാറ്റ് കമ്മിന്‍സ്

‘അതെ, എന്നാല്‍ കഴിഞ്ഞുപോയതിനെ കുറിച്ച് ഒരുപാട് ചിന്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും പൂജ്യത്തില്‍ നിന്നുമാണ് ആരംഭിക്കുന്നത്.

കഴിഞ്ഞ മത്സരങ്ങളുടെ ഫലമോ മുമ്പ് കഴിഞ്ഞുപോയ മത്സരങ്ങളുടെ ചരിത്രമോ ഇതിലേക്ക് കൊണ്ടുവരാന്‍ നമുക്ക് സാധിക്കില്ല. അതിപ്പോള്‍ ഞങ്ങള്‍ തോറ്റ ഫൈനലുകളാകട്ടെ, ഇന്ത്യയ്‌ക്കെതിരെ വിജയിച്ച മത്സരങ്ങളാകട്ടെ, അതെല്ലാം മായ്ച്ചുകളയാനും പുതിയ ഒരു തുടക്കത്തിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

അതെ, മികച്ച പ്രകടനം നടത്താന്‍ ഇരു ടീമുകള്‍ക്കും മേല്‍ വലിയ തോതിലുള്ള സമ്മര്‍ദമുണ്ടെന്ന് ഞാന്‍ കരുതുന്നു. ആ സമ്മര്‍ദഘട്ടത്തില്‍ ഏറ്റവുമധികം ശാന്തത പാലിക്കുന്നവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ലോറ കൂട്ടിച്ചേര്‍ത്തു.

ലോറ വോള്‍വാര്‍ഡ്

ലോകകപ്പ് ചരിത്രത്തില്‍ ആറ് തവണയാണ് സൗത്ത് ആഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടിയത്. ഇതില്‍ മൂന്ന് മത്സരം വീതം ഇരുവരും വിജയിച്ചു. ഹെഡ് ടു ഹെഡിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ അടുത്ത മൂന്നിലും സൗത്ത് ആഫ്രിക്കയും വിജയിച്ചു.

2005ലാണ് ഇന്ത്യ അവസാനമായി ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്. അന്ന് പത്ത് വിക്കറ്റിനായിരുന്നു ബ്ലൂ ആര്‍മിയുടെ വിജയം. ലോകകപ്പിന്റെ 2017, 2022, 2025 എഡിഷനുകളിലാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയ്‌ക്കെതിരെ വിജയം സ്വന്തമാക്കിയത്.

ഈ ലോകകപ്പില്‍, ഒക്ടോബര്‍ ഒമ്പതിന് വിശാഖപട്ടണത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സിന്റെ ലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ പ്രോട്ടിയാസ് മറികടന്നു.

തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഫൈനല്‍ സാക്ഷ്യം വഹിക്കുന്നത്. സെമി ഫൈനലില്‍ ഇരു ടീമുകളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാരുടെ കരുത്തില്‍ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഒപ്പം ഇരു ടീമിന്റെയും ബൗളര്‍മാരും ഓള്‍ റൗണ്ടര്‍മാരും മികച്ച ഫോമിലാണ് എന്നതിലാല്‍ തന്നെ പോരാട്ടങ്ങളുടെ പോരാട്ടത്തില്‍ വിജയികളെ പ്രവചിക്കുക ഒട്ടും എളുപ്പമാകില്ല.

 

Content Highlight: ICC Women’s World Cup: Laura Wolvaardt about IND vs SA Final