ബംഗ്ലാദേശിനെ തോല്‍പ്പിച്ച്, ഇന്ത്യയെ പടിയിറക്കി ഒന്നാമത്; തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്
ICC Women's World Cup
ബംഗ്ലാദേശിനെ തോല്‍പ്പിച്ച്, ഇന്ത്യയെ പടിയിറക്കി ഒന്നാമത്; തകര്‍പ്പന്‍ വിജയവുമായി ഇംഗ്ലണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th October 2025, 10:28 pm

ഐ.സി.സി വനിതാ ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 23 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താനും ഇംഗ്ലണ്ടിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 25 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. നാല് റണ്‍സ് നേടിയ ഓപ്പണര്‍ റൂബിയ ഹൈദറിനെ മടക്കി ലോറന്‍ ബെല്‍ ആണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയെ പുറത്താക്കി ലിന്‍സി സ്മിത്തും തിളങ്ങി.

നാലാം നമ്പറിലെത്തിയ ശോഭന മോസ്റ്ററിക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ പടുത്തുയര്‍ത്തവെ ഷമിം അക്തറിനെ മടക്കി സോഫി എക്കല്‍സ്റ്റോണ്‍ വീണ്ടും ബംഗ്ലാദേശിനെ സമ്മര്‍ദത്തിലാക്കി. 52 പന്തില്‍ 30 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം.

തുടര്‍ന്ന് ക്രീസിലെത്തിയ ബംഗ്ലാദേശിന്റെ മിഡില്‍ ഓര്‍ഡറിന് ചെറുത്തുനില്‍ക്കാന്‍ സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കി.

എന്നാല്‍ മറുവശത്ത് മോസ്റ്ററി ചെറുത്തുനിന്നു. പുറത്താകും മുമ്പ് 108 പന്ത് നേരിട്ട് 60 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ബംഗ്ലാദേശിന്റെ ടോപ് സ്‌കോററും ശോഭന തന്നെയായിരുന്നു.

ലോവര്‍ ഓര്‍ഡറില്‍ റബേയ ഖാത്തൂന്‍ എന്ന സര്‍പ്രൈസാണ് ഇംഗ്ലണ്ട് ബൗളര്‍മാരെ കാത്തിരുന്നത്. ആറ് ഫോറും ഒരു സിക്‌സറും അടക്കം 27 പന്തില്‍ പുറത്താകാതെ 43 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ മറുവശത്തെ ആക്രമിച്ച ഇംഗ്ലണ്ട് 178 റണ്‍സില്‍ ബംഗ്ലാദേശിനെ ഒതുക്കി.

ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ചാര്‍ളി ഡീന്‍, ലിന്‍സ് സ്മിത്, അലീസ് ക്യാപ്‌സി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ലോറന്‍ ബെല്ലാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും തുടക്കം മികച്ചതായിരുന്നില്ല. ഓപ്പണര്‍മാരായ എമി ജോണ്‍സ് ഒരു റണ്ണിനും ടാസ്മിന്‍ ബ്യൂമൗണ്ട് 13 റണ്‍സിനും പുറത്തായി.

മൂന്നാം വിക്കറ്റില്‍ 40 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഹീതര്‍ നൈറ്റും ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ടും ഇംഗ്ലണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 69ല്‍ നില്‍ക്കവെ ക്യാപ്റ്റനെ മടക്കിയ ഫാത്തിമ ഖാത്തൂന്‍, അതേ ഓവറില്‍ സോഫിയ ഡങ്ക്‌ലിയെയും പുറത്താക്കി. അധികം വൈകാതെ 12 പന്തില്‍ ഒരു റണ്ണടിച്ച എമ്മ ലാംബിനെയും പുറത്താക്കിയ ഖാത്തൂന്‍ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി.

എന്നാല്‍ പിന്നാലെയെത്തിയ അലീസ് ക്യാപ്‌സിയെയും (34 പന്തില്‍ 20), ചാര്‍ളി ഡീനിനെയും (56 പന്തില്‍ പുറത്താകാതെ 27) കൂട്ടുപിടിച്ച് ഹീതര്‍ നൈറ്റ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു.

111 പന്ത് നേരിട്ട് പുറത്താകാതെ 79 റണ്‍സാണ് നൈറ്റ് നേടിയത്. എട്ട് ഫോറും ഒരു സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കും ഇംഗ്ലണ്ട് ഉയര്‍ന്നു. രണ്ട് മത്സരത്തില്‍ നിന്നും രണ്ട് വിജയത്തോടെ നാല് പോയിന്റാണ് ഇരുവര്‍ക്കുമുള്ളതെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇംഗ്ലണ്ടിന് തുണയായത്.

ഒക്ടോബര്‍ 11നാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് എതിരാളികള്‍.

 

Content Highlight: ICC Women’s World Cup: England defeated Bangladesh