'ടി -20 വൈബ്സ് ആര്‍ എവെരിവേര്‍'; ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐ.സി.സി
Cricket
'ടി -20 വൈബ്സ് ആര്‍ എവെരിവേര്‍'; ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐ.സി.സി
ഫസീഹ പി.സി.
Friday, 30th January 2026, 10:16 pm

2026 ടി – 20 ലോകകപ്പിനുള്ള ഔദ്യോഗിക ഇവന്റ് ഗാനം പുറത്തിറക്കി ഐ.സി.സി. തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഫീല്‍ ദി ത്രില്ല് എന്നാണ് ഗാനത്തിന്റെ പേര്.

‘ഏറ്റവും വലിയ വേദിക്കായി നിര്‍മ്മിച്ച ഒരു ഗാനം,
കാത്തിരിപ്പ് അവസാനിച്ചു. മാജിക് ഇതാ’ എന്ന അടികുറിപ്പോടെയാണ് ഐ.സി.സി ഈ ഗാനം പങ്കുവെച്ചിട്ടുള്ളത്.

ഈ ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് റോക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദറാണ്. ഈ ഗാനത്തിന്റെ ഹിന്ദി വരികള്‍ എഴുതിയിരിക്കുന്നത് റകീബ് ആലമും ഇംഗ്ലീഷ് വരികള്‍ ഹൈസന്‍ബര്‍ഗിന്റേതുമാണ്.

‘ദിസ് ഈസ് അവര്‍ ഇയര്‍’ എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്. എയെസ് ഓണ്‍ വേള്‍ഡ് കപ്പ്, ടി -20 വൈബ്‌സ് ആര്‍ എവെരിവേര്‍ എന്നീ വരികളും ഗാനത്തിലുണ്ട്. ഈ ഗാനം പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇതിനോടകം തന്നെ ഗാനത്തിന് 47.5 k ലൈക് ലഭിച്ചിട്ടുണ്ട്.

അതേസമയം, ടി – 20 ലോകകപ്പിന് ഇനി എട്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് മാര്‍ച്ച് എട്ടിനാണ് കൊടിയിറക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

ലോകകപ്പില്‍ 20 ടീമുകളാണ് മാറ്റുരക്കുന്നത്. നാല് ഗ്രൂപ്പുകളിലായാണ് ടീമുകളെ വേര്‍തിരിച്ചിരിക്കുന്നത്. ഇന്ത്യ ഗ്രൂപ്പ് എയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പാകിസ്ഥാന്‍, നമീബിയ, നെതര്‍ലാന്‍ഡ്സ്, യു.എസ്.എ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content Highlight: ICC unveil official event song for ICC T20 World Cup 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി