2025 ഐ.സി.സി വനിതാ ലോകകപ്പിലെ ടീം ഓഫ് ദി ടൂര്‍ണമെന്റ് പുറത്തുവിട്ട് ഐ.സി.സി. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിനെ ക്യാപ്റ്റനാക്കിയാണ് ഐ.സി.സി ടീം ഓഫ് ദി ടൂര്‍ണമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയെ ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ച ഹര്‍മന്‍പ്രീത് കൗറിന് ടീമിന് ഇടമില്ല എന്നതും ശ്രദ്ധേയമാണ്.
ലോറയ്ക്ക് പുറമെ മറ്റ് രണ്ട് സൗത്ത് ആഫ്രിക്കന്‍ താരങ്ങളും ഈ ടീമിന്റെ ഭാഗമാണ്. മൂന്ന് വീതം ഇന്ത്യന്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ താരങ്ങളുമാണ് ടീം ഓഫ് ദി ടൂര്‍ണമെന്റിനെ കൂടുതല്‍ കരുത്തുറ്റതാക്കുന്നത്. പാകിസ്ഥാന്‍, ഇംഗ്ലണ്ട് ടീമില്‍ നിന്നാണ് മറ്റ് രണ്ട് താരങ്ങള്‍. ട്വല്‍ത് പ്ലെയറും ഇംഗ്ലണ്ടില്‍ നിന്ന് തന്നെയാണ്.
ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ട് റണ്‍ വേട്ടക്കാരാണ് ടൂര്‍ണമെന്റിന്റെ ടീമിനായി കളത്തിലിറങ്ങുന്നത്. സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറയ്ക്ക് പുറമെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി സൂപ്പര്‍ താരം ജെമീമ റോഡ്രിഗസ് ബാറ്റിങ്ങിനിറങ്ങും.
പ്രോട്ടിയാസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാരിസന്‍ കാപ്പാണ് നാലാം നമ്പറില്‍ ക്രീസിലെത്തുക. അഞ്ചാം നമ്പറില്‍ കങ്കാരുക്കരുത്തായി ആഷ്‌ലി ഗാര്‍ഡ്ണറാണ് കളത്തിലിറങ്ങുക.
ബാറ്റിങ്ങിലും ബൗളിങ്ങിലും കാപ്പിന് കൂട്ടായി ദീപ്തി ശര്‍മ ആറാം നമ്പറില്‍ കളത്തിലിറങ്ങും. ഫൈനലിലെ അഞ്ച് വിക്കറ്റ് പ്രകടനമടക്കം 22 വിക്കറ്റുമായി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയായാണ് ദീപ്തി തിളങ്ങിയത്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തന്നെയായിരുന്നു.
അന്നബെല്‍ സതര്‍ലാന്‍ഡ്, നാദിന്‍ ഡി ക്ലെര്‍ക് എന്നിവര്‍ യഥാക്രമം ഏഴ്, എട്ട് നമ്പറുകളില്‍ ക്രീസിലെത്തുമ്പോള്‍ വിക്കറ്റ് കീപ്പറായി പാക് താരം സിദ്ര നവാസാണ് ഒമ്പതാം നമ്പറില്‍ കളത്തിലിറങ്ങുക.
ടീമിന്റെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് കൂടുതല്‍ കരുത്തുറ്റതാക്കാന്‍ അലാന കിങ്ങും സോഫി എക്കല്‍സ്റ്റോണുമെത്തുമ്പോള്‍ ടീം ഓഫ് ദി ടൂര്‍ണമെന്റ് പൂര്‍ത്തിയാകും.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ടാണ് ടീമിന്റെ 12ാം താരം.