ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ പുറത്ത്. തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട പാകിസ്ഥാന്‍, ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനോട് തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെയാണ് സെമി കാണാതെ പുറത്തായത്.
ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും ന്യൂസിലാന്‍ഡും സെമി ഫൈനലിന് യോഗ്യത നേടി. ഇരു ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരായ രണ്ടാം മത്സരവും പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സെമി സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിരുന്നില്ല. ന്യൂസിലാന്‍ഡ് തങ്ങളുടെ രണ്ട് മത്സരങ്ങളും പരാജയപ്പെടുകയും പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ റണ്‍ റേറ്റിന്റെ കൂടി അടിസ്ഥാനത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ വഴിയൊരുങ്ങുമായിരുന്നു.
എന്നാല്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയതോടെ പാകിസ്ഥാന്റെ വഴിയും അടഞ്ഞു.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടായിരുന്നു പാകിസ്ഥാന്‍ ആദ്യം പരാജയപ്പെട്ടത്. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന് പച്ചപ്പട തോല്‍വിയേറ്റുവാങ്ങി. ദുബായില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനാണ് ടീം പരാജയപ്പെട്ടത്.
1996 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഐ.സി.സി ടൂര്‍ണമെന്റിന് വേദിയാകുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ ഘട്ടം പോലും കടക്കാനാകാതെയാണ് പാകിസ്ഥാന്‍ വിടപറയുന്നത്.
അതേസമയം, ന്യൂസിലാന്‍ഡ് – ബംഗ്ലാദേശ് മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് കിവികള്‍ വിജയിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം 23 പന്ത് ബാക്കി നില്‍ക്കെ ബ്ലാക് ക്യാപ്‌സ് മറികടന്നു.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 236 റണ്‍സ് നേടി.
ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 110 പന്ത് നേരിട്ട താരം 77 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഇന്ത്യയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ജാക്കിര്‍ അലി കിവികള്‍ക്കെതിരെയും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. 55 പന്തില്‍ 45 റണ്‍സുമായി അലി പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 എന്ന നിലയില്‍ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്‍ നാല് വിക്കറ്റ് വീഴ്ത്തി. വില്‍ ഒ റൂര്‍ക് രണ്ട് ബംഗ്ലാ വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ കൈല്‍ ജാമൈസണും മാറ്റ് ഹെന്‌റിയും ഓരോ ബംഗ്ലാ താരങ്ങളെ വീതം പവലിയനിലേക്ക് മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് റണ്‍സ് കയറും മുമ്പ് തന്നെ വില്‍ യങ്ങിനെ ടീമിന് നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തില്‍ താസ്‌കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്.
ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ കെയ്ന്‍ വില്യംസണും പുറത്തായി. അഞ്ച് റണ്‍സാണ് മുന്‍ നായകന് നേടാന്‍ സാധിച്ചത്.
ഇന്ത്യക്കെതിരെ തിളങ്ങിയ ടോം ലാഥം ബംഗ്ലാദേശിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്തു. മഹ്‌മദുള്ളയുടെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായി മടങ്ങും മുമ്പേ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 76 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്.