ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന കോഴ: എന്‍.എം വിജയന്റെ വീട്ടിലെത്തി ഐ.സി ബാലകൃഷ്ണന്‍ പണം കൈപ്പറ്റി; എഫ്.ഐ.ആര്‍ പുറത്ത്
Kerala
ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന കോഴ: എന്‍.എം വിജയന്റെ വീട്ടിലെത്തി ഐ.സി ബാലകൃഷ്ണന്‍ പണം കൈപ്പറ്റി; എഫ്.ഐ.ആര്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th December 2025, 2:17 pm

കല്‍പ്പറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയ്‌ക്കെതിരായ എഫ്.ഐ.ആര്‍ പുറത്ത്.

കടബാധ്യതതയെ തുടര്‍ന്ന് ജീവനൊടുക്കിയ വയനാട് മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട്ടിലെത്തി ബാലകൃഷ്ണന്‍ കോഴപ്പണം കൈപ്പറ്റിയെന്ന് വിജിലന്‍സിന്റെ എഫ്.ഐ.ആറില്‍ പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നും അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കുവാന്‍ എം.എല്‍.എ ശ്രമിച്ചെന്നും എഫ്.ഐ.ആര്‍ വിശദീകരിക്കുന്നു.

2015ലാണ് കേസിനാസ്പദമായ നിയമനത്തിനായി കൈക്കൂലി വാങ്ങിയ സംഭവം നടന്നത്. ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വാങ്ങിയ ആറ് ലക്ഷം രൂപ കെ.കെ ഗോപിനാഥന്‍ എന്‍.എം വിജയന് നല്‍കിയിരുന്നു.

ഈ പണം കൈപ്പറ്റാനായാണ് ഐ.സി ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഒരാഴ്ച മുമ്പ് വിജിലന്‍സ് തയ്യാറാക്കിയ എഫ്.ഐ.ആറിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

NM Vijayan's suicide; MLA IC Balakrishnan Arrested

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ Photo: IC Balakrishnan/fb

വയനാട് ജില്ലാ വിജിലന്‍സ് ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംസ്ഥാന വിജിലന്‍സ് മേധാവിയോട് അനുമതി തേടിയതിന് ശേഷമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസും കേസില്‍ അന്വേഷണം നടത്തിയിരുന്നു.

എന്‍.എം വിജയന്റെ ജീവനൊടുക്കിയ സംഭവത്തില്‍ ഒക്ടോബര്‍ അവസാന വാരത്തില്‍ പ്രത്യേക അന്വേഷണ സംഘവും കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കേസില്‍ ഐ.സി. ബാലകൃഷ്ണന്‍ ഒന്നാം പ്രതിയാണ്. മുന്‍ ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍ രണ്ടാം പ്രതിയും കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ മൂന്നാം പ്രതിയുമാണ്. എന്‍.എം വിജയന്റെ ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് പേരുടെയും പേരുള്‍പ്പെട്ടിരുന്നു.

നിയമന കൊള്ളയെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യത തന്റെ മാത്രം ഉത്തരവാദിത്തമായതോടെ മാനസിക സമ്മര്‍ദത്തിലായ വിജയന്‍ ജീവനൊടുക്കുകയായിരുന്നു.

കേസില്‍ അന്വേഷണം നടത്തിയ എസ്.ഐ.ടി തലവന്‍ ബത്തേരി ഡി.വൈ.എസ്.പി കെ.കെ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലെ സംഘം ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

എന്‍.എം വിജയന്റെ പേരില്‍ ഒന്നരക്കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ബാങ്ക് ഇടപാട് രേഖകള്‍, കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ഫോണ്‍ വിളികളുടെ രേഖകള്‍, ഓഡിയോ ക്ലിപ്പുകള്‍, വിജയന്റെ ഡയറി തുടങ്ങിയ നിരവധി തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ നൂറോളം പേരുടെ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Bathery Urban Bank appointment bribe: IC Balakrishnan went to N.M. Vijayan’s house and received the money; FIR filed