ഗുരുതര അസുഖമെന്ന് പറഞ്ഞ് ജാമ്യം നേടിയിട്ട് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു; ഇബ്രാഹിംകുഞ്ഞ് കബളിപ്പിച്ചുവെന്ന് തോന്നുന്നുവെന്ന് ഹൈക്കോടതി
Kerala News
ഗുരുതര അസുഖമെന്ന് പറഞ്ഞ് ജാമ്യം നേടിയിട്ട് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു; ഇബ്രാഹിംകുഞ്ഞ് കബളിപ്പിച്ചുവെന്ന് തോന്നുന്നുവെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 12:48 pm

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്.

എന്നാല്‍ പിന്നീട് പൊതുപരിപാടികളില്‍ ഇബ്രാഹിം കുഞ്ഞിനെ കണ്ടെന്നു കോടതി പറഞ്ഞു. കോടതി നിലപാട് പ്രതികൂലമായതോടെ ഇളവ് തേടി സമര്‍പ്പിച്ച ഹരജി ഇബ്രാഹിംകുഞ്ഞ് പിന്‍വലിച്ചു.

ഹരജി പരിഗണിക്കവെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതി കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്നും ചമ്രവട്ടം പാലം കേസില്‍ ആരോപണ വിധേയനാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹരജി. വിവിധ പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ യാത്രക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം.

നേരത്തെ എറണാകുളം ജില്ലയില്‍ നിന്ന് മലപ്പുറത്തെത്തി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി ഇബ്രാഹിം കുഞ്ഞ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തി.

കളമശേരി നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചിട്ടുണ്ട്.

മണ്ഡലത്തിലെ എല്ലാ പൊതുപരിപാടികളിലും സജീവമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IbrahimKunju Palarivattom Bridge High Court