ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കണ്ടു.
തിരുവനന്തപുരം: വിജിലന്‍സ് മേധാവി ജേക്കബ് തോമസിനെതിരെ പരാതിയുമായി ഒരുപറ്റം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍.
ജേക്കബ് തോമസിന്റെ ഏകപക്ഷീയമായ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു എന്ന പരാതിയുമായി ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കണ്ടു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രാഹാമിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍.
നേരത്തെ ഇതേപരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചുവെങ്കിലും, അദ്ദേഹത്തില്‍ നിന്നും പ്രതികൂലമായ മറുപടിയായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
വിജിലന്‍സ് മേധാവിയുടെ നടപടികള്‍ ആത്മവീര്യം കെടുത്തുന്നു. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധന പോലുമില്ലാതെയാണ് നടപടികളില്‍ പലതുമെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
അതേസമയം കെ.എം എബ്രഹാമിന്റെ വസതിയില്‍ പരിശോധന നടത്തിയിരുന്നില്ല എന്നും കെട്ടിടത്തിന്റെ അളവെടുക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിശദീകരണവുമായി വിജിലന്‍സ് രംഗത്തുവന്നിട്ടുണ്ട്.
തനിക്കൊതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിന് പിന്നില്‍ ഐ.എ.എസ് ലോബിയാണന്ന സംശയത്തിലാണ് ജേക്കബ് തോമസ്. ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നത് കെ.എം എബ്രഹാം വഴിയാണന്ന ആരോപണവും ജേക്കബ് തോമസ് ഉന്നയിക്കുന്നുണ്ട്.
