'പുലര്‍ച്ചെ 5 മണിക്ക് ലൊക്കേഷനിലെത്തും, ഏറ്റവും ഒടുവില്‍ പോകും; എന്തോ അങ്ങേരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്': പൃഥ്വിരാജ്
Movie Day
'പുലര്‍ച്ചെ 5 മണിക്ക് ലൊക്കേഷനിലെത്തും, ഏറ്റവും ഒടുവില്‍ പോകും; എന്തോ അങ്ങേരെ എനിക്ക് ഭയങ്കര ഇഷ്ടമാണ്': പൃഥ്വിരാജ്
ആര്യ. പി
Saturday, 4th July 2026, 1:28 pm

സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ സിനിമയോടുള്ള സമര്‍പ്പണത്തെ കുറിച്ചും അദ്ദേഹവുമായുള്ള ആത്മബന്ധത്തെയും കുറിച്ച് മനസ് തുറന്ന് നടന്‍ പൃഥ്വിരാജ്. താന്‍ അഭിനയിച്ച ‘വാരണാസി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങളും, ഒരു സംവിധായകന്‍ എന്ന നിലയില്‍ രാജമൗലിയില്‍ നിന്ന് പഠിക്കേണ്ട കാര്യങ്ങളെയും കുറിച്ചാണ് ‘ദി ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് സംസാരിച്ചത്.

മലയാള സിനിമയ്ക്ക് പുറത്ത് താന്‍ ഏറ്റവും കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്ന സെറ്റുകളില്‍ ഒന്നാണ് ‘വാരണാസി’യുടേതെന്ന് പൃഥ്വിരാജ് പറയുന്നു. രാജമൗലിയുടെ വലിയ ലക്ഷ്യങ്ങളോടും സിനിമയോടുള്ള സമീപനത്തോടും തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ആരാണ് രാജമൗലി എന്ന് അറിയാത്ത ഒരാള്‍ ആ സെറ്റില്‍ വന്ന് അദ്ദേഹം ഡയറക്ട് ചെയ്യുന്നത് കണ്ടാല്‍ വര്‍ഷങ്ങളായി ഒരു സിനിമ ചെയ്യാന്‍ കാത്തിരുന്നിട്ട് ഒടുവില്‍ തന്റെ ആദ്യ സിനിമ ചെയ്യാന്‍ അവസരം കിട്ടിയ ഒരു പുതുമുഖ സംവിധായകനാണ് അദ്ദേഹമെന്ന് തോന്നും. അതേ ആവേശമാണ് അദ്ദേഹത്തിന്. അങ്ങനെയാണ് പുള്ളിക്കാരന്‍. നമ്മള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കേണ്ടതെല്ലാം അവിടെത്തന്നെയുണ്ട്.’പൃഥ്വിരാജ് പറഞ്ഞു.

എസ്.എസ്. രാജമൗലി

രാജമൗലിയുടെ കഠിനാധ്വാനത്തെ ഭയങ്കരമായി ആരാധിക്കുന്ന ആളാണ് താനെന്നും പൃഥ്വിരാജ് പറഞ്ഞു.

‘രാവിലെ 7 മണിക്കാണ് കോള്‍ ഷീറ്റെങ്കില്‍ പുള്ളി 5.15-ന് തന്നെ ലൊക്കേഷനില്‍ എത്തും. ഷൂട്ടിങ് കഴിഞ്ഞ് ഏറ്റവും ഒടുവിലായിരിക്കും ലൊക്കേഷനില്‍ നിന്ന് പോവുക. അവിടെക്കൊണ്ടും തീരില്ല, വീട്ടില്‍ പോയിക്കഴിഞ്ഞാലും അടുത്ത സീനുമായി ബന്ധപ്പെട്ട് എന്തെങ്കിലും വോയിസ് നോട്ടൊക്കെ എനിക്ക് അയച്ചുകൊണ്ടിരിക്കും. എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് മൂപ്പരെ. ഞാന്‍ അദ്ദേഹത്തിന്റെ ഭയങ്കര ഫാനാണ്.’

അദ്ദേഹത്തിന്റെ കഴിവും ക്രാഫ്റ്റും ലോകം മുഴുവന്‍ കണ്ടതും വാഴ്ത്തിപ്പാടിയതുമാണ്. താന്‍ ഇത്തരം കാര്യങ്ങളെ ‘ഐഡിയലൈസ്’ ചെയ്യുന്ന ആളായതുകൊണ്ട് തന്നെ രാജമൗലിയോടൊപ്പം ജോലി ചെയ്യുമ്പോള്‍ ഭയങ്കര കംഫര്‍ട്ടബിള്‍ ആണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

എസ്.എസ്. രാജമൗലി

ചിത്രത്തിലെ ‘കുംഭ’ എന്ന കഥാപാത്രം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചതിനെ ദൈവാനുഗ്രഹമായാണ് കാണുന്നതെന്നും പൃഥ്വി പറഞ്ഞു.

‘ഞാന്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്വാസമുണ്ട്. ‘കുംഭ’ എന്ന കഥാപാത്രം എഴുതുമ്പോള്‍ മലയാളത്തില്‍ നിന്നുള്ള പൃഥ്വിരാജിനെ കാസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തിന് എങ്ങനെ തോന്നിയെന്ന് എനിക്കറിയില്ല. ഞാന്‍ ഇതിനെക്കുറിച്ച് നേരിട്ട് ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരു മറുപടി തന്നിട്ടില്ല. ദൈവത്തിന് നന്ദി പറയുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Iam the Big Fan, Prithviaj About SS Rajamouli dedication

 

 

ആര്യ. പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.