ശ്വേതാ മേനോനെ അപമാനിച്ചിട്ടില്ല: തെളിവുകള്‍ പുറത്തുവിടുമെന്ന് പീതാംബരക്കുറുപ്പ് എം.പി
Kerala
ശ്വേതാ മേനോനെ അപമാനിച്ചിട്ടില്ല: തെളിവുകള്‍ പുറത്തുവിടുമെന്ന് പീതാംബരക്കുറുപ്പ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2013, 10:25 am

[]കൊല്ലം: കൊല്ലത്ത് നടന്ന പരിപാടിക്കിടെ നടി ശ്വേതാ മേനോനെ താന്‍ അപമാനിച്ചു എന്ന വാര്‍ത്ത തികച്ചും അസത്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് എം.പി.

വളരെ അത്ഭുതത്തോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഏവരും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന താരം കൊല്ലത്ത് വന്നിറങ്ങി,വളരെ സന്തോഷത്തോടെ പരിപാടിക്കെത്തി. സന്തോഷത്തോടെ പരിപാടിയില്‍ നിന്നും മടങ്ങിപ്പോവുകയും ചെയ്തു.

എന്നാല്‍ അത് കഴിഞ്ഞ് ആറോ ഏഴോ മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇത്തരമൊരു വിവാദം വരുന്നത്. ഞാന്‍ രാഷ്ട്രീയക്കാരനായതുകൊണ്ട് ഏത് ആരോപണവും ഉന്നയിക്കാമെന്ന് കരുതരുത്.

ഞാന്‍ ഒരു ചര്‍ച്ചയ്ക്ക് കടക്കുന്നില്ല. ഇന്നലെ നടന്ന സംഭവത്തില്‍ വിഷമമുണ്ട്. അതിലേറെ ദു:ഖമുണ്ട്. ജനമധ്യത്തില്‍ ഏറെ കാലമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദമുണ്ടായതില്‍ അങ്ങേയറ്റം വിഷമമുണ്ട്.

പരാതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ദൃശ്യങ്ങളും എന്റെ കൈവശമുണ്ട്. അത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം തന്നെ അത് ജനസമക്ഷം എത്തിക്കാനാവുമെന്നാണ് കരുതുന്നത്.

എന്റെ ഒരു പ്രവര്‍ത്തി വഴി ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ഞാന്‍ അവരോട് ദു;ഖം രേഖപ്പെടുത്തുകയാണ്. ഇക്കാര്യം നടന്നതിന് ശേഷം ഞാന്‍ റോഡില്‍ കിടന്ന് ഉരുണ്ടിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. ഇതിന്റെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തും.

ഇന്നലെ നടന്ന സംഭവത്തില്‍ അവര്‍ക്ക് വിഷമമുണ്ടായതായി എന്നോട് ചിലര്‍ വിളിച്ചുപറഞ്ഞു. അതില്‍ ഞാന്‍ വാദിയോ പ്രതിയോ അല്ല. ഞാന്‍ അവരെ ടെലഫോണില്‍ വിളിക്കുന്നതാണ്.

എന്നെ കുറിച്ച് പൊന്തിവരുന്ന വാര്‍ത്തകള്‍ തികച്ചും അസത്യമാണെന്നും പീതാംബരക്കുറപ്പ് എം.പി പറഞ്ഞു.