'തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചു' ; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്, ട്രോളുകളുമായി സോഷ്യല്‍ മീഡിയ
US election
'തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചു' ; പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ട്രംപ്, ട്രോളുകളുമായി സോഷ്യല്‍ മീഡിയ
ന്യൂസ് ഡെസ്‌ക്
Monday, 16th November 2020, 2:37 pm

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് താന്‍ ആണെന്ന് വീണ്ടും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമായിരുന്നു ട്രംപിന്റെ അവകാശവാദം

കഴിഞ്ഞ ദിവസം ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സമ്മതിച്ചതിന് പിന്നാലെയാണ് വീണ്ടും താന്‍ തന്നെയാണ് വിജയിച്ചതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടത്.

അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ജോ ബൈഡനാണ് വിജയിച്ചതെന്നുള്ള ഒഫീഷ്യല്‍ സോഴ്‌സ് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ട്രംപിന്റെ നിരന്തരമുള്ള ഈ അവകാശവാദങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രംപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതിനടന്നുവെന്നാണ് ട്രംപിന്റെ വാദം.

അതേസമയം അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്.

നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ‘I won the election’; Trump with new Facebook post. Social media with trolls