എന്റെ സിനിമകളിൽ അത്തരം കാര്യങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രമിക്കും; അത് എന്റെ ചോയ്സ്: ജീത്തു ജോസഫ്
Malayalam Cinema
എന്റെ സിനിമകളിൽ അത്തരം കാര്യങ്ങൾ കൊണ്ടുവരാതിരിക്കാൻ ശ്രമിക്കും; അത് എന്റെ ചോയ്സ്: ജീത്തു ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 25th August 2025, 11:07 am

മലയാളികൾക്ക് പ്രിയങ്കരനായ സംവിധാനം തിരക്കഥാകൃത്തുമാണ് ജീത്തു ജോസഫ്. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും തിരക്കഥ എഴുതുകയും ചെയ്തു.

ജീത്തു സംവിധാനം ചെയ്ത ദൃശ്യം സിനിമ ദേശവും ഭാഷയും കടന്ന് റീമേക്ക് ചെയ്യപ്പെട്ടു. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ദൃശ്യം 2 വും ബമ്പർ ഹിറ്റായി. ഇപ്പോൾ സിനിമകളിൽ വയലൻസ് കാണിക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് അദ്ദേഹം.

‘എനിക്ക് ഓവറായിട്ടുള്ള ബ്ലഡ് ഷെഡ് താത്പര്യമില്ല. നമുക്ക് ചിലത് കമ്മ്യൂണിക്കേറ്റ് ചെയ്യണം. പക്ഷെ, ഒരു പരിധിക്കപ്പുറം ബ്ലഡ് ഷെഡ് കൊണ്ടുവരാതിരിക്കാൻ ഞാനെപ്പോഴും ശ്രമിക്കും. കാരണം ഫാമിലിയൊക്കെ മാറിനിൽക്കും. എന്നാൽ, ഈയിടെയായിട്ട് ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകളിൽ ബ്ലഡ് ഷെഡ് കൂടുതലുള്ള സിനിമകൾ വരുന്നുണ്ട്,’ ജീത്തു ജോസഫ് പറയുന്നു.

തനിക്ക് അത്തരം സിനിമകൾ കാണാൻ ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ തിയേറ്ററിൽ അത്തരം ചിത്രങ്ങൾ ഓടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരം സിനിമകൽ താത്പര്യമുള്ള ഓഡിയൻസ് ഉണ്ടെന്നും സിനിമ എപ്പോഴും ബിസിനസ് ആണെന്നും അദ്ദേഹം പറയുന്നു.

എങ്ങനെ, ഏതൊക്കെ രീതിയിൽ സിനിമ തിയേറ്ററിൽ ഓടിക്കാമെന്നാണ് ആലോചിക്കുന്നതെന്നും പണം മുടക്കുന്നവർക്ക് അത് തിരിച്ചുകിട്ടണമെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. അത് സംവിധായകന്റെയും നിർമാതാവിന്റെയും ചോയ്സാണെന്നും തന്റെ ചോയ്സ് ബ്ലഡ് കുറക്കുക എന്നാണെന്നും ജീത്തു പറയുന്നു.

എന്നിരുന്നാലും ഒട്ടും ബ്ലഡ് കുറയ്ക്കാതെ ത്രില്ലർ ചിത്രങ്ങൾ എടുക്കാൻ പറ്റില്ലെന്നും അത് ആളുകൾക്ക് വലിയ പ്രശ്‌നമില്ലാത്ത രീതിയിൽ പ്രസന്റ് ചെയ്യുക എന്നാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

Content Highlight: I will try not to bring such things into my films says Jeethu Joseph