ദേശീയ അവാർഡിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് നടനും എം.എൽ.എയുമായ മുകേഷ്. ജൂറി അവാർഡ് അനൗൺസ് ചെയ്യുന്നതുവരെ നമുക്ക് അഭിപ്രായം പറയാമെന്നും അനൗൺസ് ചെയ്‌തുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടരുതെന്നും മുകേഷ് പറയുന്നു. അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം സംസാരിച്ചിട്ട് കാര്യമില്ലെന്നും നമ്മുടെ തീരുമാനമായിരിക്കില്ല ജൂറിയുടെ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉർവശിക്കും വിജയരാഘവനുമെല്ലാം അവാർഡ് കൊടുക്കണം എന്ന് പറയാം. അല്ലാതെ അതിൽ ഒന്നും സംഭവിക്കില്ല. അടുത്ത വർഷം ഇതിലും ഗംഭീരമായിട്ട് ഇറക്കണം എന്ന് ചിന്തിക്കുന്നതായിരിക്കും നല്ലത്. ജൂറിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതിൽ നമുക്ക് ചോദ്യമില്ല. അങ്ങനെ തന്നെ ചിന്തിക്കണം,’ മുകേഷ് പറഞ്ഞു.
കേരള സ്‌റ്റോറിക്ക് അവാർഡ് കൊടുത്തത് ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും എന്നുകരുതി അത് മാറ്റിക്കൊടുക്കണം എന്ന് പറയാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രതികരിക്കുന്ന രീതി തെറ്റാണെന്നും അവാർഡ് മാറ്റിക്കൊടുക്കണമെന്ന് പറയാൻ പറ്റില്ലെന്നും കൂട്ടിച്ചേർത്തു.
‘നമുക്ക് നമ്മുടെ അഭിപ്രായങ്ങൾ ഉണ്ട്. എല്ലാ അവാർഡും കേരളത്തിന് കിട്ടണമെന്ന് തന്നെയാണ് മലയാളി എന്ന നിലയിൽ ആഗ്രഹിക്കുന്നത്. മലയാളത്തിൽ ആർക്കൊക്കെ അവാർഡ് കിട്ടി എന്ന് നോക്കി അവരെ വിളിച്ച് അഭിനന്ദിക്കുന്നതാണ് വർഷങ്ങളായി എന്റെ ശീലം. അതൊരു സന്തോഷമാണ്. അല്ലാതെ അവാർഡ് കിട്ടാത്തവരെ വിളിച്ച് ഇതിൽ പ്രതികരിക്കണം, പൊട്ടിത്തെറിക്കണം എന്ന് പറയുന്നത് ശരിയല്ല,’ മുകേഷ് പറഞ്ഞു.
എഴുപത്തിയൊന്നാമത് ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയത് ഉര്‍വശിയായിരുന്നു. ഉര്‍വശി മികച്ച ‘സഹ നടി’യായതും ആടുജീവിതം എന്ന ചിത്രത്തിന് അവാര്‍ഡ് നിഷേധിച്ചതും ദി കേരള സ്റ്റോറി എന്ന കേരളത്തിനെതിരായ പ്രോപഗണ്ട സിനിമക്ക് അവാര്‍ഡ് നല്‍കിയതിന് എതിരെയും ഉർവശി പ്രതികരിച്ചിരുന്നു.
വിജയിയെ തീരുമാനിക്കുന്നതിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണമെന്ന് ഉര്‍വശി പറയുന്നു. എന്താണ് സപ്പോര്‍ട്ടിങ് റോള്‍, എന്താണ് മെയിന്‍ റോള്‍ എന്ന് തീരുമാനിക്കുന്നതിനുള്ള പ്രോട്ടോക്കോള്‍, പാരാമീറ്ററുകള്‍, രീതി എന്നിവ ജ്യൂറിയോട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.
Content Highlight: I will not accept the award given to Kerala Story says Mukesh