എഡിറ്റര്‍
എഡിറ്റര്‍
‘തമിഴകത്തിന്റെ മുഖം മാറുമോ?’; രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ ഒപ്പം ചേരുമെന്ന് കമല്‍ഹാസന്‍
എഡിറ്റര്‍
Friday 15th September 2017 11:42pm


ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് നടന്‍ കമലഹാസന്‍. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയതിനു പിന്നാലെയാണ് സ്റ്റൈല്‍ മന്നനൊപ്പം രാഷ്ട്രീയത്തിലിറങ്ങുന്നതിനെക്കുറിച്ച് കമല്‍ഹാസന്‍ മനസ് തുറന്നത്.


Also Read: ആള്‍ദൈവങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വി.വി.ഐ.പി സുരക്ഷ; റെക്കോഡിട്ട് മോദി സര്‍ക്കാര്‍


തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്ക് എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന കമല്‍ഹാസന്‍ താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായേക്കാവുന്ന സഖ്യത്തെക്കുറിച്ച് താരം സൂചന നല്‍കിയത്.

ചലച്ചിത്രമേഖലയില്‍ രജനി തന്റെ എതിരാളിയാണെങ്കിലും നിര്‍ണായകമായ പല വിഷയങ്ങളിലും തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമല്‍ പറഞ്ഞു. നേരത്തെ രജനീകാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

ബി.ജെ.പിയുമായി രജനി കൈകോര്‍ക്കുകയാണെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ താരം രാഷ്ട്രീയത്തിലേക്കിറങ്ങേണ്ടതില്ലെന്ന പരാമര്‍ശം കമല്‍ഹാസന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യസൂചനകളുമായി ഉലകനായകന്‍ രംഗത്തെത്തിയത്.


Dont Miss: ഗൗരി ലങ്കേഷിന്റെ ശബ്ദത്തിനെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് കൊലപാതകത്തിന് കാരണം; കേന്ദ്രസര്‍ക്കാരിനെതിരെ പിണറായി


നേരത്തെ ബി.ജെ.പി യുവജനവിഭാഗം അധ്യക്ഷ പൂനം മഹാജന്‍ രജനീകാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയപ്പോള്‍ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നായിരുന്നു രജനിയുടെ മറുപടി.

അണ്ണാ ഡി.എം.കെയെ വിമര്‍ശിച്ച് തുടര്‍ച്ചയായി ട്വീറ്റുകളും നടത്തുന്ന കമല്‍ അടുത്തിടെ കേരളത്തിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനത്തില്‍ അഭിപ്രായം തേടിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കമല്‍ പറഞ്ഞിരുന്നു,

അടുത്തിടെ ഡി.എം.കെയുടെ ചടങ്ങില്‍ കമല്‍ഹാസനും രജനീകാന്തും ഒരുമിച്ച് പങ്കെടുത്തതും തമിഴ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായിരുന്നു.

Advertisement