കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അനുരാഗ് കശ്യപുവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും: തപ്‌സി പന്നു
MeToo
കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അനുരാഗ് കശ്യപുവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കും: തപ്‌സി പന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 1:09 pm

മുംബൈ: ലൈംഗികാരോപണക്കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ സംവിധായകന്‍ അനുരാഗ് കശ്യപുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുമെന്ന ആദ്യ വ്യക്തി താനായിരിക്കുമെന്ന് നടി തപ് സി പന്നു. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് തപ്‌സിയുടെ പ്രസ്താവന.

‘അനുരാഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കും. ആരെങ്കിലും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കൃത്യമായ അന്വേഷണം നടക്കട്ടെ. സത്യം പുറത്തുവരട്ടെ.’ തപ്‌സി പറഞ്ഞു.

നടി പായല്‍ ഘോഷ് അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെ തപ്‌സി പന്നുവടക്കമുള്ള നിരവധി പേര്‍ അനുരാഗിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ഫെമിനിസ്റ്റാണ് അനുരാഗ് എന്നായിരുന്നു തപ്‌സി പറഞ്ഞത്. നടിയുടെ പ്രസ്താവന #Metoo ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് മുന്‍പ് പറഞ്ഞ നിലപാടുകള്‍ക്കെതിരാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നടി പുതിയ പ്രസ്താവന നടത്തിയത്.

ഇതിനൊപ്പം തന്നെ അനുരാഗ് സ്ത്രീകളോട് വളരെ ബഹുമാനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ സിനിമസെറ്റുകളിലാണ് സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് തുല്യമായ സ്ഥാനമാണ് ലഭിക്കാറുള്ളതെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു.

എ.ബി.എന്‍ തെലുഗു എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പായല്‍ ഘോഷ് അനുരാഗ് കശ്യപിന്റെ പേരു വെളിപ്പെടുത്താതെ ആദ്യം ആരോപണം ഉന്നയിച്ചത്.

പിന്നീട് ശനിയാഴ്ചയായിരുന്നു അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുരാഗ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത്. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടാണ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നും പായല്‍ ആവശ്യപ്പെട്ടു.

പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നുമാണ് അനുരാഗ് കശ്യപ് ആരോപണത്തോട് പ്രതികരിച്ചത്. ‘എന്നെ നിശബ്ദനാക്കാന്‍ ദീര്‍ഘനാളായി ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രശ്‌നമില്ല. എന്നിരുന്നാലും എല്ലാത്തിനും ഒരു പരിധിയുണ്ട് മാഡം” അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തു.

അനുരാഗിന് പിന്തുണയുമായി മുന്‍ഭാര്യമാരായ ആരതി ബജാജും കല്‍ക്കി കേക്ക്‌ലയും രംഗത്തെത്തിയിരുന്നു. നിങ്ങളൊരു റോക്ക്‌സ്റ്റാറാണ് അനുരാഗ്. എന്നത്തേയും പോലെ സ്ത്രീകളെ ശാക്തീകരിക്കാനും അവര്‍ക്ക് സുരക്ഷിതമായ ഇടങ്ങളൊരുക്കാനും എന്നും പരിശ്രമിക്കൂവെന്നായിരുന്നു ആരതി ബജാജ് പറഞ്ഞത്.

 

View this post on Instagram

 

@anuragkashyap10

A post shared by Kalki (@kalkikanmani) on

വ്യക്തിജീവിതത്തിലും തൊഴിലിടങ്ങളിലും തുല്യതയോടെയാണ് നിങ്ങളെന്നും എന്നെ പരിഗണിച്ചിട്ടുള്ളതെന്നും വിവാഹമോചനത്തിന് ശേഷവും നിങ്ങളത് തുടര്‍ന്നുവെന്നും കല്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം പായല്‍ ഘോഷിന് പിന്തുണയുമായെത്തിയ കങ്കണ റണൗത്ത് അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: I will be the first one to break all ties with Anurag Kashyap if he is found guilty of sexual harassment says Tapsee Pannu