മലയാളത്തിലെ ഹാസ്യനടനാണ് ഗിന്നസ് പക്രു എന്നറിയപ്പെടുന്ന അജയ് കുമാർ. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്‌താണ് ഗിന്നസ് പക്രു ശ്രദ്ധേയനായത്. ചിത്രത്തിലെ വേഷത്തിന് ഏറ്റവും പൊക്കം കുറഞ്ഞ നടനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. 2013ൽ പക്രു സംവിധാനം ചെയ്‌ത കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീകരിക്കപ്പെട്ടു.
ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെയാണ് ഗിന്നസ് പക്രു ഏറ്റുവാങ്ങിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കി. ഇപ്പോൾ ബോഡി ഷെയിമിങ്ങിനെ പറ്റി സംസാരിക്കുകയാണ് അദ്ദേഹം.
തന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളയാള്‍ താന്‍ തന്നെയാണെന്നും തന്റെ രൂപമാണ് പരിപാടിയില്‍ ആദ്യത്തെ ചിരിയുണ്ടാക്കുന്നതെന്നും ഗിന്നസ് പക്രു പറയുന്നു.
ഇന്ന് പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെക്കുറിച്ച് അവബോധമുള്ള സമൂഹമുണ്ടെന്നും അതുകൊണ്ട് തമാശ പറയുമ്പോള്‍ ആലോചിക്കണമെന്നും പറഞ്ഞു. ഒരു വേദിയില്‍ പറയുന്ന കാര്യങ്ങള്‍ കട്ട് ചെയ്ത് റീല്‍ ആയി കാണുമ്പോള്‍ മറ്റൊരു വിധത്തിലായിരിക്കും മനസിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിം ചെയ്തിട്ടുള്ളയാള്‍ ഞാനാണ്. എന്റെ രൂപമാണ് പരിപാടിയില്‍ ആദ്യത്തെ ചിരിയുണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ് എന്നെ കലാകാരനാക്കിയത്. ആ ചിരിയെ പോസിറ്റീവായി എടുക്കുകയും വളര്‍ത്തുകയും ചെയ്തു. ഇന്ന് പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെക്കുറിച്ച് അവബോധമുള്ള സമൂഹം വളര്‍ന്നതിനാല്‍ മറ്റൊരാള്‍ക്കെതിരേ തമാശ പറയുമ്പോള്‍ തീര്‍ച്ചയായും ആലോചിക്കേണ്ടി വരും. എന്നിരുന്നാലും കോമഡി ചെയ്യുന്നവരെ ഇത്തരം ഒരു വൃത്തത്തിലാക്കിയാല്‍ തമാശയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകും.
വിദേശരാജ്യങ്ങളിലെ സ്റ്റാന്‍ഡ് അപ് കോമഡികളില്‍ എന്തൊക്കെയാണവര്‍ പറയുന്നത്. അതു തമാശയായിത്തന്നെ എടുക്കപ്പെടുന്നു. ഒരു വേദിയില്‍ അവിടുത്തെ മൂഡ് അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ കട്ട് ചെയ്ത് റീല്‍ ആയി കാണുമ്പോള്‍ മറ്റൊരു വിധത്തിലായിരിക്കും മനസിലാക്കപ്പെടുന്നത്. അതു മാത്രം കണ്ട് ബോഡി ഷെയ്മിങ് ചെയ്തു എന്നോ അഹങ്കാരത്തോടെ സംസാരിച്ചു എന്നോ വിലയിരുത്താനാകില്ല,’ ഗിന്നസ് പക്രു പറയുന്നു.
Content Highlight: I was the one who body shamed me the most say Guinness Pakru