ഗണേഷ് രാജിന്റെ സംവിധാനത്തില് വിജയരാഘവനും കെ.പി.എ.സി. ലീലയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘പൂക്കാലം’. പ്രായമായ ദമ്പതികളുടെ ജീവിതവും കുടുംബബന്ധങ്ങളും പ്രമേയമാക്കിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തില് വിജയരാഘവന്റെ ഭാര്യയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് തന്നെയായിരുന്നെന്ന് പറയുകയാണ് നടി ഉര്വശി.
എന്നാല്, പ്രായം തോന്നിക്കുന്ന രീതിയിലുള്ള പ്രോസ്തറ്റിക് മേക്കപ്പ് ചെയ്യേണ്ടിവരുമെന്നതിനാല് സിനിമ വേണ്ടെന്നുവെക്കുകയായിരുന്നു എന്നും ഉര്വശി പറഞ്ഞു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില് സംസാരിക്കുകയായിരുന്നു താരം.
‘പൂക്കാലം ഞാനാണ് ചെയ്യേണ്ടിയിരുന്നത്. അത് ചെയ്യാതിരുന്നതിന്റെ കാരണം പ്രോസ്തറ്റിക് മേക്കപ്പാണ്. കൈയിലൊക്കെ ചെയ്യണമായിരുന്നു. ചേച്ചിയുടെ വിരലും കൈയുമൊക്കെ പ്രായം തോന്നണം, അതില് ചുളിവുകളൊക്കെ വരുത്തണം എന്നായിരുന്നു പറഞ്ഞത്. എന്നെക്കൊണ്ട് ഇതൊന്നും പറ്റില്ലെന്ന് ഞാന് പറഞ്ഞു,’ ഉര്വശി പറയുന്നു.
പ്രിയദര്ശന്റെ സിനിമയില് പൊള്ളാച്ചിയില് വെച്ച് മേക്കപ്പിട്ട തന്റെ രൂപം കണ്ടപ്പോള് അത്തരത്തിലുള്ള മേക്കപ്പാണെങ്കില് കുഴപ്പമില്ലെന്ന് ഞാന് പറഞ്ഞിരുന്നു. കണ്ണിന് താഴെ കറുപ്പിക്കുന്നതുപോലെയുള്ള മേക്കപ്പൊക്കെ ചെയ്യാം. എന്നാല്, ചുണ്ടിന് താഴെയടക്കം മേക്കപ്പ് ചെയ്യണമെന്ന് പറഞ്ഞതോടെ താന് പിന്മാറുകയായിരുന്നുവെന്നും ഉര്വശി വ്യക്തമാക്കി.

പ്രോസ്തറ്റിക് മേക്കപ്പ് ഇട്ടുകഴിഞ്ഞാല് അത് നീക്കം ചെയ്യാന് അതിലേറെ സമയമെടുക്കുമെന്നും ഭക്ഷണം കഴിക്കാന് പോലും ബുദ്ധിമുട്ടാകുമെന്നും ഉര്വശി പറഞ്ഞു. അതുകൊണ്ടുതന്നെ ആ രീതിയിലുള്ള മേക്കപ്പിന് താല്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നെന്നും താരം പറഞ്ഞു.
ഉര്വശിയുടെ വാക്കുകളോട് രസകരമായ രീതിയിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. പ്രോസ്തറ്റിക് മേക്കപ്പിന്റെ ആവശ്യമൊന്നും വേണ്ടിവരില്ലെന്ന് താന് പറഞ്ഞിരുന്നു, ആ കഥാപാത്രം ഒഴിവാക്കല്ലേയെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്നുമായിരുന്നു നടന്റെ മറുപടി.
‘പൂക്കാല’ത്തിനായി പത്ത് കിലോ ഭാരം കുറച്ചിരുന്നുവെന്നും വിജയരാഘവന് വെളിപ്പെടുത്തി. മറ്റൊരു സിനിമയിലും അഭിനയിക്കാതെ ചിത്രത്തിനായി തയ്യാറെടുപ്പുകള് നടത്തിയിരുന്നു. എന്നാല്, മുഖത്ത് പ്രോസ്തറ്റിക് മേക്കപ്പ് ഒട്ടിച്ചുവെച്ചതിനാല് ഭക്ഷണം കഴിക്കുന്നതടക്കം ബുദ്ധിമുട്ടായിരുന്നു.

‘രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞാല് പിന്നെ കാര്യമായി ഒന്നും കഴിക്കാന് പറ്റില്ല. ഓരോ പീസ് വലിച്ച് വെക്കുന്നതാണ് മുഖത്ത്. അത് ഇളകിയാല് പറിഞ്ഞുപോകും,’ വിജയരാഘവന് പറഞ്ഞു.
അതേസമയം, ‘തായ്ക്കിഴവി’ എന്ന ചിത്രത്തില് രാധിക മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഉര്വശി പറഞ്ഞു. സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ തന്നോട് വന്ന് ചിത്രം കാണണമെന്ന് രാധിക ആവശ്യപ്പെട്ടിരുന്നു. സിനിമ കണ്ടശേഷം വിളിച്ച് അഭിനന്ദിച്ചെന്നും ഉര്വശി വ്യക്തമാക്കി.
സഹപ്രവര്ത്തകര് പരസ്പരം അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് സന്തോഷകരമാണെന്നും ഉര്വശി കൂട്ടിച്ചേര്ത്തു.
Content Highlight: I was supposed to do Pookkaalam, but turned it down when I found out I would have to wear prosthetic makeup: Urvashi
