ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററിലും ഒ.ടി.ടിയിലും നേടിയ മികച്ച പ്രതികരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയാഘോഷം നടന്നിരുന്നു. സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന പരിപാടി വലിയ ശ്രദ്ധ നേടുകയും ചെയ്തു.
ചിത്രത്തില്‍ അലക്സ് എന്ന കഥാപാത്രമായി എത്തിയത് നടന് വിനയ് ഫോര്‍ട്ടായിരുന്നു. സിനിമയുടെ വിജയാഘോഷത്തിനിടെ സംവിധായകന് ഗിരീഷ് എ.ഡിയോടുള്ള നന്ദി പങ്കുവെച്ചിരിക്കുകയാണ് താരം. ഗിരീഷിനെ വിളിച്ച് നന്ദി പറയാന്‍ പലതവണ ശ്രമിച്ചെങ്കിലും തനിക്ക് കഴിഞ്ഞില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.
തന്റെ സിനിമകള്‍ക്ക് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്ന കാലത്തും തന്നില്‍ വിശ്വാസമര്‍പ്പിച്ച ഗിരീഷ് എ.ഡിയോട് ഈ അവസരത്തില്‍ നന്ദി അറിയിക്കുകയാണെന്നാണ് താരം പറഞ്ഞത്.

‘ഞാന്‍ ഒരു നൂറു തവണ ഫോണെടുത്തിട്ടുണ്ട് ഗിരീഷിനെ വിളിക്കാന്‍, ഒരു നന്ദി പറയാന്‍. പക്ഷേ എനിക്ക് പറ്റുന്നില്ല. ഭയങ്കര ചമ്മലാണ്. ആ നന്ദി ഞാന്‍ ഇപ്പോള്‍ പറയുന്നു. ഒരുപാട് നാളുകളായി ഞാന്‍ ചെയ്ത സിനിമകളൊന്നും തിയേറ്ററില്‍ പച്ച തൊട്ടിട്ടില്ല. എന്നിട്ടും ഇങ്ങനെയൊരു അവസരം തന്നതിനും, കുറച്ച് കോംപ്ലിക്കേറ്റഡായിട്ടുള്ള ഒരു കഥാപാത്രം ചെയ്യാന്‍ എന്നെ വിശ്വസിച്ചതിനും ഞാന്‍ നന്ദി പറയുകയാണ്,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
സിനിമയുടെ വിജയത്തോടെ തനിക്ക് ചുറ്റുമുള്ള സാഹചര്യങ്ങളില്‍ വന്ന മാറ്റത്തെക്കുറിച്ചും വിനയ് ഫോര്‍ട്ട് രസകരമായി സംസാരിക്കുന്നുണ്ട്. താന്‍ താമസിക്കുന്ന ഫ്ലാറ്റിന് സമീപമുള്ള പാര്‍ക്കില്‍ മകനെയും കൂട്ടി വര്‍ഷങ്ങളായി പോകാറുണ്ടെന്നും അവിടെയുള്ള കുട്ടികള്‍ക്കിടയില്‍ താന്‍ ശ്രദ്ധിക്കപ്പെടാത്ത വ്യക്തിയായിരുന്നുവെന്നും താരം പറഞ്ഞു.

‘ഞാന്‍ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. നാലഞ്ച് വര്‍ഷമായി അവിടെ കൊച്ചിനെയും കൊണ്ട് പാര്‍ക്കിലൊക്കെ പോകാറുണ്ട്. സി.ബി.എസ്.ഇ സ്കൂളിലെ കുട്ടികളാണ് കൂടുതലും അവിടെ വരാറ്. അവരെല്ലാവരും പരസ്പരം ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. അഞ്ചു വര്ഷമായിട്ടൊന്നും അവര്‍ എന്നെ മൈന്‍ഡ് ചെയ്തിരുന്നില്ല,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.
ഗിരീഷ് എ.ഡി ചിത്രങ്ങളില്‍ സാധാരണ കണ്ടുവരുന്ന നായക-നായിക സങ്കല്‍പ്പങ്ങളില്‍നിന്ന് വ്യത്യസ്തമായി മറ്റു കഥാപാത്രങ്ങള്‍ക്കും കൃത്യമായ ഒരു ഐഡന്റിറ്റിയുണ്ടായിരിക്കും. ചിത്രത്തില്‍ അലക്സ് എന്ന കഥാപാത്രത്തിലൂടെ വിനയ് ഫോര്‍ട്ടും അത്തരമൊരു വ്യത്യസ്തമായ വേഷമാണ് അവതരിപ്പിച്ചത്. ചിത്രത്തിന് പിന്നാലെ ഏറെ പ്രശംസ നേടിയ കഥാപാത്രം കൂടിയായിരുന്നു വിനയുടേത്.
Content Highlight: I’ve Picked Up the Phone a Hundred Times to Thank Girish, but Couldn’t Bring Myself to Call Vinay Forrt
