'ഞാനൊരു അമ്മയാണ്, കുട്ടികളെ തെറ്റ് പഠിപ്പിക്കില്ല': ക്ഷുഭിതയായി പ്രിയങ്ക ഗാന്ധി
national news
'ഞാനൊരു അമ്മയാണ്, കുട്ടികളെ തെറ്റ് പഠിപ്പിക്കില്ല': ക്ഷുഭിതയായി പ്രിയങ്ക ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd May 2019, 7:51 pm

ന്യൂദൽഹി: താനൊരു അമ്മയാണെന്നും കുട്ടികളെ ഒരിക്കലും തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കില്ലെന്നും പറഞ്ഞ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘സംസ്കാരമുള്ള കുടുംബങ്ങൾ പ്രിയങ്ക ഗാന്ധിയിൽ നിന്നും കുട്ടികളെ അകറ്റി നിർത്തണം’ എന്ന കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ പ്രസ്താവനയോടാണ് പ്രിയങ്ക വികാരാധീനയായി പ്രതികരിച്ചത്.

പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഒരുകൂട്ടം കുട്ടികള്‍ മോദിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നാരോപിച്ച് ബാലാവകാശ കമ്മീഷന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് നോട്ടീസയച്ചിരുന്നു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രിയങ്ക പ്രചാരണം നടത്തുന്നതിനിടെയായിരുന്നു സംഭവം.

‘ഞാനൊരു അമ്മയാണ്. ഞാൻ ഒരിക്കലും തെറ്റ് പഠിപ്പിക്കില്ല. ഞാൻ ഇതുവരെയുള്ള എന്റെ ജീവിതം ചെലവഴിച്ചത് എന്റെ കുട്ടികളെ വളർത്താനാണ്. ഞാൻ ഇത്രയും നാളും രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നതും അതിന് വേണ്ടിയാണ്. അങ്ങനെയുള്ള ഞാൻ കുട്ടികളെ തെറ്റ് പഠിപ്പിക്കുമോ?’ തന്റെ അമ്മയുടെ മണ്ഡലമായ റായ് ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്നര്‍ഥം വരുന്ന ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയതിനു പിന്നെലെയാണു കുട്ടികള്‍ മോദിക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. കുട്ടികള്‍ മോശം വാക്കുകള്‍ പ്രയോഗിച്ചപ്പോള്‍ അത്തരം പദപ്രയോഗം പാടില്ലെന്നു പ്രിയങ്ക വിലക്കുന്നതും വീഡിയോയില്‍ കാണാം.

‘അങ്ങനെ പറയരുത്. അത് നല്ലതല്ല. നല്ല കുട്ടികളായിരിക്ക്.’ എന്ന് പ്രിയങ്ക പറയുന്നതും വീഡിയോയിൽ കാണാം. ഇതിനു ശേഷം കുട്ടികൾ ‘രാഹുൽ സിന്ദാബാദ്’ എന്ന് മാറ്റി പറയുന്നതും കാണാം. എന്നാൽ വീഡിയോയുടെ അവസാന ഭാഗം മാത്രം എഡിറ്റ് ചെയ്ത മാറ്റി കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രിയങ്ക കുട്ടികൾ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കണ്ട് വാ പൊത്തുന്നത് മാത്രമാണ് ഈ വീഡിയോയിൽ ഉള്ളത്. പ്രിയങ്ക കുട്ടികളെ വിലക്കുന്ന ഭാഗമാണ് വെട്ടിമാറ്റിയത്.