പ്രേമലു 2 മാറിപ്പോകാന്‍ സാധ്യതയുണ്ട്, ഞാന്‍ നിവിനെ പോയി കാണുകയാണെന്ന് ദിലീഷിനോട് പറഞ്ഞു, ഇതായിരുന്നു പുള്ളിയുടെ മറുപടി: ഗിരീഷ് എ.ഡി
Malayalam Cinema
പ്രേമലു 2 മാറിപ്പോകാന്‍ സാധ്യതയുണ്ട്, ഞാന്‍ നിവിനെ പോയി കാണുകയാണെന്ന് ദിലീഷിനോട് പറഞ്ഞു, ഇതായിരുന്നു പുള്ളിയുടെ മറുപടി: ഗിരീഷ് എ.ഡി
ആര്യ.പി
Friday, 28th August 2026, 12:44 pm

പ്രേമലു 2 വിന്റെ കഥയെഴുതുന്ന സമയത്ത് തന്നെ ആ സിനിമ മാറിപ്പോകാന്‍ സാധ്യതയുണ്ടെന്ന ഒരു തോന്നല്‍ തന്റെ മനസില്‍ വന്നിരുന്നെന്ന് സംവിധായകന്‍ ഗിരീഷ് എ.ഡി.

ആ കാര്യം നിര്‍മാതാവ് ദിലീഷ് പോത്തനോട് പറഞ്ഞെങ്കിലും നീ ഓവര്‍ തിങ്ക് ചെയ്യുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ഗിരീഷ് എ.ഡി പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുവന്നാലും വേണ്ടില്ല ഞാന്‍ നിവിനെ പോയി കാണുകയാണെന്ന് പറഞ്ഞെന്നും അങ്ങനെയാണ് ബത്‌ലഹേമിന്റെ ചെറിയൊരു രൂപം നിവിനോട് പറയുന്നതെന്നും ഗിരീഷ് പറഞ്ഞു.

‘പ്രേമലുവിന്റെ വിജയത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ അടുത്ത് പോയി ഒരു കഥ പറയാന്‍ തനിക്ക് ധൈര്യമുണ്ടായത്. നമ്മളുമായി സഹകരിക്കാന്‍ പുള്ളി എന്തായാലും ഓക്കെ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അങ്ങനെയാണ് പോകുകയും സംസാരിക്കുകയും ചെയ്തത്.

ഗിരീഷ് എ.ഡി.നിവിൻ പോളി. Photo: Screengrab/Youtube.com

പ്രേമലു 2 വിന്റെ സ്‌ക്രിപ്റ്റ് ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഇത്. എനിക്ക് എന്തോ ഒരു ഗട്ട് ഫീലിങ് വന്നു പ്രേമലു മാറിപ്പോകാന്‍ സാധ്യതയുണ്ട് എന്ന്. ആ സമയത്ത് ഞാന്‍ പോത്തനെ വിളിച്ചിട്ട്, എനിക്ക് ഇങ്ങനെ ഒരു ഗട്ട് ഫീലിങ് ഉണ്ട് എന്ന് പറഞ്ഞു.

ഏയ് അതൊക്കെ നീ ഓവര്‍ തിങ്ക് ചെയ്യുന്നതാണെന്നായിരുന്നു പുള്ളിയുടെ മറുപടി. ഏയ് ഓവര്‍ തിങ്കിങ് ഒന്നുമല്ല, അങ്ങനെ തോന്നിയത് കൊണ്ട് തുറന്നുപറഞ്ഞതാണെന്ന് പറഞ്ഞു. ഞാന്‍ എന്തായാലും നിവിന്റെ അടുത്ത് പോയി ബെത്‌ലഹേമിന്റെ കഥ പറയാന്‍ പോകുകയാണ് എന്ന് പറഞ്ഞു.

ഓക്കേ നീ പറഞ്ഞോ എന്ന് പറഞ്ഞു. പിറ്റേ ദിവസം തന്നെ ഞാന്‍ പുള്ളിയെ കണ്ടു. അന്ന് തിരക്കഥയായിട്ടില്ല. എന്റെ ഒരു വേര്‍ഷന്‍ നിവിന്‍ ചേട്ടനോട് പറഞ്ഞു. ഇത് ചെയ്യാമെന്ന് പുള്ളി പറഞ്ഞു. അന്ന് ക്ലൈമാക്‌സ് ഒന്നും ആയിട്ടില്ല. അങ്ങനെയാണ് കിരണിനെ വിളിച്ച് നമുക്ക് ഒരുമിച്ച് എഴുതാമോയെന്ന് ചോദിക്കുന്നത്.

ഞാന്‍ വിചാരിച്ച പോലെ തന്നെ പ്രേമലു 2 മാറിപ്പോകുകയും ചെയ്തു. പ്രേമലുവിന് ശേഷം വേണമെങ്കില്‍ ഏത് നടന്മാരേയും എനിക്ക് ആക്‌സസ് ചെയ്യാമായിരുന്നു. പക്ഷേ എനിക്കെന്തോ ഒരു ആത്മവിശ്വാസക്കുറവ് തോന്നി.

എന്തിനാണ് അവരെ ബുദ്ധിമുട്ടിക്കുന്നത് എന്ന് തോന്നും. അത്രയും കംഫര്‍ട്ടിലാണ് ഞാന്‍ പടം എടുത്തുവന്നത്. ആ കംഫര്‍ട്ട് മാറിയാല്‍ പ്രശ്‌നമാകുമോ എന്ന് തോന്നിയിരുന്നു.

അടുത്ത പടം ഏതാണ് ? ചെയ്യാന്‍ താത്പര്യമുണ്ടോ എന്നൊക്കെ ചില ആക്ടേഴ്‌സൊക്കെ ചോദിച്ചിരുന്നു. പിന്നെ നിവിന്‍ ചേട്ടനും അദ്ദേഹത്തിന്റെ സേഫ് സോണിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുകയായിരുന്നു. സര്‍വംമായ അടിച്ചപ്പോള്‍ കോണ്‍ഫിഡന്‍സായി. അതുപോലത്തെ പരിപാടികള്‍ വന്നാല്‍ ക്ലിക്കാകുമെന്ന് പുള്ളിക്കും തോന്നി. സര്‍വംമായയുടെ വിജയം ഞങ്ങള്‍ക്കും വലിയ കോണ്‍ഫിഡന്‍സായി,’ ഗിരീഷ് എ.ഡി പറഞ്ഞു.

Content Highlight:  I told Dileesh that I was going to meet Nivin” “This was his response: Girish A.D

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.