കലാതിലകം കിട്ടാതെ വിഷമിച്ചിരുന്ന എനിക്ക് ആ വ്യക്തി കത്തയച്ചു; അദ്ദേഹം പറഞ്ഞത് സത്യമായി: നവ്യ നായര്‍
Malayalam Cinema
കലാതിലകം കിട്ടാതെ വിഷമിച്ചിരുന്ന എനിക്ക് ആ വ്യക്തി കത്തയച്ചു; അദ്ദേഹം പറഞ്ഞത് സത്യമായി: നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 12th October 2025, 12:32 pm

2001ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടിയാണ് നവ്യ നായര്‍. രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരനെ നായകനാക്കി 2002ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ ബാലാമണിയായും നടി എത്തി.

നന്ദനം ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന സംസ്ഥാന അവാര്‍ഡ് ലഭിച്ച നവ്യ പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇപ്പോള്‍ താന്‍ സിനിമയില്‍ എത്തുന്നതിന് മുമ്പ് തനിക്ക് കത്ത് അയച്ച വ്യക്തിയെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘കലാതിലകം കിട്ടാതെ ഞാന്‍ വിഷമിച്ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്ന സമയത്ത് എനിക്കൊരാള്‍ കത്ത് അയച്ചു. ശിവശങ്കര്‍ എന്ന അങ്കിള്‍ എനിക്കൊരു പോസ്റ്റ് കാര്‍ഡിലാണ് മെസേജ് അയച്ചത്. അന്നത്തെ പോസ്റ്റ് കാര്‍ഡ് എന്നുപറയുമ്പോള്‍ നാല് വരിയെ എഴുതാന്‍ പറ്റത്തുള്ളു.

‘മോളുടെ കരഞ്ഞുകൊണ്ടുള്ള പത്രം ചിത്രത്തില്‍ കണ്ടു. മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മക്കും ഒപ്പം കസേര വലിച്ചിട്ടിരിക്കാന്‍ പാകത്തിന് ഒരു നടിയായി മാറട്ടേ എന്നാശംസിക്കുന്നു’ എന്ന് പറഞ്ഞ്.

അന്ന് ഒന്നും അറിയാത്ത മനുഷ്യന്‍ വെറുതെ ഒരു ഫോട്ടോ കണ്ടിട്ട് എഴുതിയതാണ്. ആ നാവ് പൊന്നാവട്ടെ എന്നുപറയുന്നത് പോലെ അദ്ദേഹം സത്യമായിട്ട് വന്നില്ലേ? മഞ്ജു ചേച്ചിയുടെ ഒപ്പം ഇരിക്കാന്‍ ആളായി എന്നല്ല കേട്ടോ ഞാന്‍ ഉദ്ദേശിച്ചത്,’ നവ്യ പറയുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ പാതിരാത്രി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൗന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു നവ്യ.

പാതിരാത്രി

റത്തീനയുടെ സംവിധാനത്തില്‍ നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് പാതിരാത്രി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍കെ. വി അബ്ദുള്‍ നാസറാണ് സിനിമ നിര്‍മിക്കുന്നത്.. പുഴുവിന് ശേഷം റത്തീന ഒരുക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി.

സിനിമയില്‍ നവ്യക്കും സൗബിനും പുറമെ ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ എന്നിവരും അഭിനയിക്കുന്നു. ജേക്സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: That person sent me a letter when I was worried about not receiving the Kalathilakam says Navya Nair