റോഷാക്കിലെ പോലെ ഒരു പ്രാന്തന്‍ ക്യാരക്ടര്‍ ചെയ്യുന്നതാണ് കൂടുതല്‍ എളുപ്പം; ഐ നോബഡി തിരക്കഥാകൃത്ത് സമീര്‍ അബ്ദുല്‍
Malayalam Cinema
റോഷാക്കിലെ പോലെ ഒരു പ്രാന്തന്‍ ക്യാരക്ടര്‍ ചെയ്യുന്നതാണ് കൂടുതല്‍ എളുപ്പം; ഐ നോബഡി തിരക്കഥാകൃത്ത് സമീര്‍ അബ്ദുല്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 11th July 2026, 7:09 am

ഓണത്തിന് ഖലീഫയുമായി എത്തുന്നതിന് മുമ്പ് തന്നെ പൃഥ്വിരാജ് നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ നോബഡി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മിച്ച ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ഇപ്പോള്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിയ്ക്കുണ്ട്.

ഐ നോബഡി. Photo: District

മമ്മൂട്ടി നായകനായി മികച്ച വിജയം സ്വന്തമാക്കിയ റോഷാക്കിന്റെ തിരക്കഥാകൃത്ത് സമീര്‍ അബ്ദുല്‍ തന്നെയാണ് ഐ നോബഡിയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിലീസിന് പിന്നാലെ ചിത്രത്തിലെ പൊളിറ്റിക്കല്‍ റെഫറന്‍സുകള്‍ സിനിമാ ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിലീസിന് മുമ്പ് നടത്തിയ പ്രെസ് മീറ്റില്‍ സമീര്‍ പറഞ്ഞ വാക്കുകളാണ് റിലീസിന് ശേഷം ശ്രദ്ധിക്കപ്പെടുന്നത്. റോഷാക്കുമായി ഐ നോബഡിയെ താരതമ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സോഷ്യോ പൊളിറ്റിക്കല്‍ എലമെന്റിലേക്കെല്ലാം വര്‍ക്ക് ചെയ്യണമെന്ന് ഞങ്ങള്‍ വിചാരിച്ചിട്ടേയില്ല. ഇനി ചിലപ്പോള്‍ ഞങ്ങളുടെ കരിയറില്‍ തന്നെ അങ്ങനെ ഒരു സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല. ബേസിക്കലി റോഷാക്ക് വര്‍ക്ക് ചെയ്യുന്നതാണ് കൂടുതല്‍ എളുപ്പം. കാരണം ഒരു പ്രാന്തന്‍ ക്യാരക്ടറെ ക്രിയേറ്റ് ചെയ്താല്‍ അയാള്‍ എന്ത് ചെയ്താലും കണ്‍വിന്‍സിങ് ആക്കി ചെയ്താല്‍ മതി.

പക്ഷേ നോബഡി അല്പം കൂടെ റിയല്‍ വേള്‍ഡിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. ഒരു പക്ഷേ മീഡിയ ഇതിന്റെ ഭാഗമാണ്, പൊളിറ്റീക്ഷന്‍സ്, സിസ്റ്റം, പവര്‍ എല്ലാം ഇതിന്റെ ഭാഗമാണ്. 2026ല്‍ കേരളത്തില്‍ നടക്കാന്‍ സാധ്യതയുള്ള ഒരു കഥയായിട്ട് നമ്മളിതിനെ സെറ്റ് ചെയ്യണം. അപ്പോള്‍ അതിന്റെതായ റിസര്‍ച്ച് വേണ്ടി വരും. മാത്രമല്ല ഒരുപാട് സിനിമാറ്റിക് ആകാനും പാടില്ല. ഇതിനൊപ്പം തന്നെ ഒരു ഇമോഷണല്‍ ട്രാവല്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഓഡിയന്‍സിനെ കണക്ട് ചെയ്യാന്‍ സാധിക്കുന്ന ഒരു എലമെന്റ് ക്രിയേറ്റ് ചെയ്താല്‍ അത് അവരെ പിടിച്ചിരുത്തും. അതുകൊണ്ട് തന്നെ ഒരു റിയല്‍ വേള്‍ഡില്‍ ഇമോഷണല്‍ ട്രാവലുള്ള കഥയാണിത്,’ സമീര്‍ അബ്ദുല്‍ പറഞ്ഞു.

റോഷാക്ക് . Photo: IMDB

ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ പാര്‍വതി തിരുവോത്ത്, ഹക്കീം ഷാജഹാന്‍, അശോകന്‍, വിജയരാഘവന്‍, നിശാന്ത് സാഗര്‍, മധുപാല്‍ തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ദിനേഷ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്.

Content Highlight: I Nobody and Rorschach writer Sameer abdul talks about  the difference between these two movies

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.